പാലക്കാട്: ശബരിമല വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ പരാമർശത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി മന്ത്രി എ.കെ ബാലൻ. മുഖ്യമന്ത്രിക്ക് അയ്യപ്പകോപം ഉണ്ടാകുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമർശത്തിനെതിരേയും പരാതിയുണ്ട്.

തെരഞ്ഞെടുപ്പ് തുടങ്ങി ഒരു മണിക്കൂറിനുളളിലാണ് വിശ്വാസികളും അവിശ്വാസികളും തമ്മിലുളള പോരാട്ടമായി തെരഞ്ഞെടുപ്പിനെ കാണണമെന്ന പ്രസ്താവന നടത്തിയതെന്ന് എ.കെ ബാലൻ പറഞ്ഞു. ഇത് ഭരണഘടനാ വിരുദ്ധവും ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധവുമാണെന്ന് എകെ ബാലൻ ആരോപിച്ചു. വിശ്വാസികളുടെ വിശ്വാസത്തെയും ആചാരത്തെയും സംരക്ഷിക്കുന്നതിന് ഏതറ്റം വരെയും പോകുന്നവരാണ് ഇടതുമുന്നണിയെന്ന വിചിത്രവാദവും ബാലൻ നിരത്തി.

ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നാണ് താൻ മനസിലാക്കുന്നതെന്നും വിശ്വാസികളുടെ പ്രതിഷേധം അതേ രീതിയിൽ തുടരുന്നുണ്ടെന്നുമായിരുന്നു ജി സുകുമാരൻ നായരുടെ വാക്കുകൾ. രാവിലെ വാഴപ്പളളി സെന്റ് തെരേസാസ് ഹൈസ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വവും ജനാധിപത്യവും സാമൂഹ്യനീതിയും വിശ്വാസവും ഈ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പുളളവർക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു.