ധാക്ക: ബംഗ്ലാദേശിൽ കടത്തുബോട്ടിൽ ചരക്കുയാനം ഇടിച്ച് 5 മരണം. പന്ത്രണ്ടു പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. തലസ്ഥാന നഗരമായ ധാക്കയ്ക്കടുത്തുള്ള നദിയിലാണ് കടത്ത്‌ബോട്ടിൽ പുറകിൽ നിന്ന് ചരക്കുയാനം വന്നിടിച്ചത്. ഉടൻ തലകീഴായി ബോട്ട് മറിയുകയായിരുന്നു. അമ്പത് പേരുമായി പോയ രണ്ട് നിലയുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

നാരായൺഗഞ്ച് ജില്ലയിലെ മദൻപൂരിലെ ശികാലാക്ഷ്യ നദി കുറുകെ കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ധാക്കയിൽ നിന്ന് 30 കിലോമീറ്റർ ദൂരെയാണ് നാരായൺഗഞ്ച് ജില്ല. ബോട്ടപകടം സംഭവിച്ചതോടെ നീന്തലറിയാവുന്ന യാത്രക്കാരിൽ പലരും നീന്തിക്കയറിയെന്ന് പോലീസ് അറിയിച്ചു. എന്നാൽ 17 പേർ മുങ്ങിപ്പോവുകയാണുണ്ടായത്. ഇവരിൽ 5 പേരുടെ മൃതദേഹം മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്.

നിരവധി നദികളാൽ സമൃദ്ധമായ ബംഗ്ലാദേശിലെ ബോട്ടപകടങ്ങൾ സർവ്വസാധാരണമാണ്. സുരക്ഷാ കാര്യങ്ങളിൽ ശ്രദ്ധയില്ലാത്തതാണ് അപകടങ്ങൾ സംഭവിക്കാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.