കോട്ടയം: അക്ഷരനഗരിയെ ആവേശക്കടലാക്കിമാറ്റി കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പരസ്യപ്രചാരണം സമാപിച്ചു. ബസേലിയോസ് കോളജ് ജങ്ഷനില്‍നിന്ന് ആരംഭിച്ച പരസ്യപ്രചാരണ സമാപന ജാഥ മുന്‍ കേന്ദ്രമന്ത്രി വയലര്‍ രവി ഉദ്ഘാടനം ചെയ്തു.

തുറന്ന ജീപ്പില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വയലാര്‍ രവിയും ഇരുവശങ്ങളിലുമുള്ള ജനങ്ങളെ കൈകള്‍ വീശി അഭിവാദ്യം ചെയ്ത് ജാഥയ്ക്ക് തുടക്കമായി. പ്രചാരണ വാഹനങ്ങളുടെ അകമ്പടിയില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങളുമായി ആഘോഷപൂര്‍വം തിരുനക്കരയിലേക്ക് ജാഥയായി നടന്നു നീങ്ങി. പ്രവര്‍ത്തകര്‍ കൈകളില്‍ ത്രിവര്‍ണപതാകയും തങ്ങളുടെ പ്രിയ നേതാവിന്റെ കട്ട് ഔട്ട് ചിത്രങ്ങളും തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിയും കൈകളിലേന്തി നടന്നു നീങ്ങിയത് നയനമനോഹരമായ കാഴ്ചയായിരുന്നു. തിരുനക്കര മൈതാനത്തിന് വലം വച്ച് ഗാന്ധി സ്‌ക്വയറില്‍ ജാഥ സമാപിച്ചു.

ആധുനിക കോട്ടയത്ത് യു.ഡി.എഫ്. കൊണ്ടുവന്നതല്ലാതെ ഒന്നുമില്ലെന്ന് തിരുവഞ്ചൂര്‍. കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ പച്രാരണ സമാപന ജാഥയ്ക്ക് ലഭിച്ച സ്വീകരണത്തിന് മറുപടി പറഞ്ഞ് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന് വേണ്ടി കോട്ടയത്ത് മത്സരിക്കുന്നത് രണ്ട് സ്ഥാനാര്‍ഥികളാണ്. കോട്ടയം യു.ഡി.എഫിന്റെ കോട്ടയാണ്. ഈ കോട്ട ഉയര്‍ത്തികൊണ്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി. അംഗം കുര്യന്‍ ജോയി, കെ.പി.സി.സി. സെക്രട്ടറിമാരായ നാട്ടകം സുരേഷ്, കുഞ്ഞ് ഇല്ലംപള്ളി, നഗരസഭാ ചെയര്‍മാന്‍ ബിന്‍സി സെബാസ്റ്റിയന്‍ എന്നിവര്‍ പ്രസംഗിച്ചു.

വിവിധ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് ഈസ്റ്റര്‍ ശുശ്രൂഷയില്‍ പങ്കെടുത്തും വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ അറിയിച്ചും വോട്ട് അഭ്യര്‍ഥിച്ചുമായിരുന്നു തിരുവഞ്ചൂരിന്റെ ഇന്നലത്തെ പ്രചാരണ പരിപാടികള്‍ തുടങ്ങിയത്. വിജയപുരം രൂപതാ അധ്യക്ഷന്‍ ബിഷപ്പ് ഡോ. സെബാസ്റ്റിയന്‍ തെക്കെതെച്ചേരിലിനൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. കുമാരനല്ലൂര്‍ മീനച്ചില്‍ ആറ്റിലൂടെ പാറമ്പുഴ മുതല്‍ ഡിപ്പോ കടവ് വരെ ബോട്ട് പര്യടനം നടത്തി വോട്ട് അഭ്യര്‍ഥിച്ചു. സാഹിത്യകാരന്‍ വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഭവനം സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് വോട്ട് അഭര്‍ഥിക്കുകയും ചെയ്തു. പുത്തേട്ട് ചിറയ്ക്കല്‍ ഭാഗത്തും മറിയപ്പള്ളി കളപ്പുരക്കാവ് ഭാഗത്തും ഭവന സന്ദര്‍ശനം നടത്തി. ഞാറയ്ക്കല്‍ നടന്ന കുടുംബയോഗത്തിലും അദ്ദേഹം പങ്കെടുത്തു.