ലക്‌നൗ: യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഗാസിയാബാദും ഗോരഖ്പൂരും ഉൾപ്പെടെ 11 ജില്ലകളിലേക്കുളള സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്.

ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലേക്ക് നാമനിർദ്ദേശ പത്രിക ശനിയാഴ്ച മുതൽ സമർപ്പിക്കാം. ഇതിന് മുന്നോടിയായിട്ടാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. ഗാസിയാബാദിൽ 49 സ്ഥാനാർത്ഥികളുടെയും സഹാരൺപൂരിൽ 33 പേരുടെയും രാംപൂരിൽ 34 സ്ഥാനാർത്ഥികളുടെയും പട്ടികയാണ് പ്രഖ്യാപിച്ചത്.

കനൗജ്, കാൺപൂർ നഗർ, ചിത്രകൂട്, മഹോബ, ഗോരഖ്പൂർ, റായ്ബറേലി എന്നിവിടങ്ങളിലെ സീറ്റുകളിലേക്കുളള സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ഘട്ടങ്ങളിലായിട്ടാണ് യുപിയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുളള മുന്നൊരുക്കമായിട്ടാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ബിജെപി ഉൾപ്പെടെയുളള രാഷ്ട്രീയ പാർട്ടികൾ നോക്കിക്കാണുന്നത്.

ആദ്യഘട്ടത്തിൽ മത്സരിക്കുന്നവർക്ക് ഏപ്രിൽ 18 വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയപരിധി. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 7 മുതൽ 13 വരെയും മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നിടത്തേക്ക് ഏപ്രിൽ 8 മുതൽ 15 വരെയും നാമനിർദ്ദേശപത്രിക സമർപ്പിക്കാം. 17 നും 18 നുമാണ് നാലാം ഘട്ടത്തിൽ മത്സരിക്കുന്നവർക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള അവസരം.