കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അനധികൃത കുടിയേറ്റത്തിന് അവസരമൊരുക്കി കൊടുക്കുന്ന മമത സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ. ബിജെപിയ്ക്ക് ഭരിക്കാൻ അവസരം ഒരുക്കുകയാണെങ്കിൽ ഒരു പക്ഷി പോലും നിയമവിരുദ്ധമായി സംസ്ഥാനത്തേയ്ക്ക് കടക്കാൻ അനുവദിക്കില്ലെന്ന് അമിത് ഷാ ബംഗാൾ ജനങ്ങൾക്ക് ഉറപ്പ് നൽകി.

അലിപൂർദുവറിൽ ബിജെപിയുടെ പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു പശ്ചിമബംഗാൾ- ബംഗ്ലാദേശ് അതിർത്തിയിലെ അനധികൃത കുടിയേറ്റത്തെകുറിച്ച് അദ്ദേഹം പരാമർശിച്ചത്. അനധികൃത കുടിയേറ്റം അവസാനിപ്പിക്കേണ്ടതാണ്. ഇത് ഇന്ത്യയിലെ യുവാക്കളുടെ ജോലി ഇല്ലാതാക്കുന്നു. ദീദിയെ മാറ്റി ബിജെപിയ്ക്ക് ഭരിക്കാനൊരു അവസരം തരൂ, അനധികൃത കുടിയേറ്റം സംസ്ഥാനത്ത് നിന്ന് തൂത്തുകളയാമെന്ന് അമിത് ഷാ വ്യക്തമാക്കി.

നന്ദിഗ്രാമിൽ സുവേന്ദു അധികാരി ജയിക്കുമെന്നും മമത പരാജയപ്പെടുമെന്നും അമിത് ഷാ പറഞ്ഞു. മെയ് രണ്ടിന് 11 മണിയ്ക്ക് ബംഗാളിനെ ബിജെപി നയിക്കും. രണ്ട് മണിയ്ക്ക് മമത അധികാരത്തിൽ നിന്നും പുറത്താകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബംഗാളിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ബംഗാളിൽ രണ്ട് ഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ വോട്ടെടുപ്പ് നടന്ന 60ൽ 50 സീറ്റുകൾ ബിജെപി നേടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.