വാഷിംഗ്ടൺ: വിമാനത്തിൽ വേഷം മാറിവന്ന് ഒപ്പമുണ്ടായിരുന്ന ജീവനക്കാർക്കും പത്ര പ്രവർത്തകർക്കും ഐസ്‌ക്രീം നൽകി ഫൂളാക്കി അമേരിക്കൻ പ്രഥമ വനിത. പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജിൽ ബൈഡനാണ് ഫ്‌ലൈറ്റ് അറ്റന്ററായി വന്ന് എല്ലാവരേയും പറ്റിച്ചത്.

കാലിഫോർണിയയിൽ നിന്നും വാഷിംഗ്ടണിലേക്ക് വരുന്നതിനിടെയാണ് തന്റെ വിമാനത്തിലെ ജീവനക്കാരെ ജിൽ ഫൂൾ ആക്കിയത്. ജാസ്മിൻ എന്ന് പേര് മാറ്റി ഫ്‌ലൈറ്റ് അറ്റന്ററിന്റെ വേഷത്തിലെത്തിയ ജിൽ എല്ലാവർക്കും ഐസ്‌ക്രീം നൽകി. എല്ലാവരും ഐസ്‌ക്രീം വാങ്ങി കഴിച്ച് തുടങ്ങിയതോടെ വിഗും മേക്കപ്പും നീക്കി ഏപ്രിൽഫൂൾ എന്ന് ഉറക്കെ പറയുകയായിരന്നു.

ജാസ്മിന്റെ യഥാർത്ഥ ഐഡന്റിറ്റി അറിഞ്ഞതിന് ശേഷം തങ്ങൾ ഒരുപോലെ ആശ്ചര്യപ്പെട്ടുവെന്ന് ജില്ലിന്റെ സഹപ്രവർത്തകർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. മുൻപും ഇത്തരത്തിൽ വേഷം മാറിവന്ന് മറ്റുള്ളവരെ ജിൽ ബെെഡൻ ഏപ്രിൽ ഫൂൾ ആക്കിയിട്ടുണ്ട്. ഒബാമയുടെ ഭരണകാലത്ത് ജോ ബൈഡൻ വൈസ് പ്രസിഡന്റ് ആയിരുന്ന സമയം ഔദ്യോഗിക വിമാനത്തിലെ ജീവനക്കാരെയായിരുന്നു ജിൽ ബൈഡൻ അന്ന് പറ്റിച്ചത്.