ശ്രീനഗര്‍: തീവ്രവാദ സംഘമായ ഹിസ്ബുല്‍ മുജാഹിദീന്‍ മേധാവി സൈഫുല്ല ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് ജമ്മു കശ്മീര്‍ പൊലിസ്. തീവ്രവാദികള്‍ക്കെതിരെ വന്‍ വിജയമാണിതെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞ മേയില്‍ റിയാസ് നായ്കൂ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഹിസ്ബുല്‍ മുജാഹിദീന്റെ മേധാവിസ്ഥാനത്തേക്ക് സൈഫുല്ല എത്തുന്നത്.
ദക്ഷിണ കശ്മീരില്‍ നിന്ന് ശ്രീനഗറിലേക്ക് വരുന്നുണ്ടെന്നറിഞ്ഞാണ് സൈഫുല്ലയ്ക്കായി വലവിരിച്ചത്. ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം പ്രദേശം വളയുകയും പിടികൂടാനായി നീങ്ങുകയുമായിരുന്നു.
തുടര്‍ന്നുണ്ടായ പരസ്പര വെടിവയ്പ്പില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടുവെന്നും 95 ശതമാനവും ഇത് സൈഫുല്ലയാണെന്നും മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥനായ വിജയ് കുമാര്‍ പറഞ്ഞു.
ജീവനോടെ ഏതെങ്കിലും തീവ്രവാദിയെ പിടികൂടിയിട്ടുണ്ടോയെന്ന ചോദ്യത്തിന്, സംശയിക്കുന്ന ഒരാളെ പിടികൂടിയിട്ടുണ്ടെന്നും ചോദ്യംചെയതു വരികയാണെന്നും അദ്ദേഹം പറഞ്ഞു.