കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള അണ്‍ലോക്ക് 5.0’യുടെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ നിബന്ധനകളോടെ സിനിമാതീയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, കേരളവും തമിഴ്നാടും മഹാരാഷ്ട്രയുമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും ഇതിന് തയ്യാറായിരുന്നില്ല. കൊവിഡ് ഭീതി വിട്ടുമാറാത്തതായിരുന്നു അതിന് കാരണം. ഇപ്പോള്‍ സംസ്ഥാനത്തെ സിനിമാ തീയേറ്ററുകള്‍ വീണ്ടും തുറക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് തമിഴ്നാട്. പുതിയ തീരുമാനപ്രകാരം ഈ മാസം 10 മുതലാണ് തമിഴ്നാട്ടിലെ തീയേറ്ററുകള്‍ തുറക്കുക. ഈ ആവശ്യമുന്നയിച്ച്‌ സംസ്ഥാനത്തെ തീയേറ്റര്‍ ഉടമകള്‍ നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു.

മള്‍ട്ടിപ്ലെക്സുകളും ഷോപ്പിംഗ് മാളുകളില്‍ പ്രവര്‍ത്തിക്കുന്നവയും അടക്കമുള്ള തീയേറ്ററുകള്‍ പത്താം തീയ്യതി മുതല്‍ തുറക്കാന്‍ തീരുമാനമായി. എന്നാല്‍ പ്രവേശനം അനുവദിക്കാവുന്ന കാണികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 50 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് ടിക്കറ്റുകള്‍ നല്‍കുന്നത്. സിനിമാ, ടെലിവിഷന്‍ പ്രോഗ്രാം ഷൂട്ടിംഗുകള്‍ പരമാവദി 150 പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്താന്‍ സാധിക്കും.

എന്നാല്‍, കൂടുതല്‍ ഇളവുകള്‍ അനുവദിച്ചുകൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടിയിരിക്കുകയാണ് . തീയേറ്ററുകള്‍ക്ക് പുറമെ പാര്‍ക്കുകള്‍, ഓഡിറ്റോറിയം, മ്യൂസിയം എന്നിവയും പത്തിന് തുറക്കാന്‍ അനുമതിയായി. സ്കൂളുകളും (9, 10, 11, 12 ക്ലാസുകള്‍) കോളെജുകളും ഗവേഷണ സ്ഥാപനങ്ങളും ഈ മാസം 16 മുതല്‍ പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനമായിട്ടുണ്ട്.

പശ്ചിമബംഗാള്‍, ദില്ലി, പഞ്ചാബ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങി ഇന്ത്യയിലെ 21 സംസ്ഥാനങ്ങള്‍ കഴിഞ്ഞ 15നു തന്നെ നിബന്ധനകളോടെ തീയേറ്ററുകള്‍ തുറക്കുകയുണ്ടായി. എന്നാല്‍ ചുരുക്കം കാണികള്‍ മാത്രമാണ് ആദ്യ ആഴ്ചകളില്‍ ഉണ്ടായിരുന്നത് . കൊവിഡ് ഭീതിയിക്ക് പുറമെ പുതിയ റിലീസുകള്‍ സംഭവിക്കാത്തതും തീയേറ്ററുകളിലേക്ക് വേണ്ടത്ര ആളുകളെ എത്തിച്ചില്ല.