ന്യൂഡൽഹി: ഉത്തർപ്രദേശിനും മദ്ധ്യപ്രദേശിനും പിന്നാലെ ലൗജിഹാദിനെതിരെ നിയമം കൊണ്ടുവന്ന് ഗുജറാത്ത് സർക്കാരും. ഗുജറാത്ത് നിയമസഭ കർശന വ്യവസ്ഥകളോടെ മതസ്വാതന്ത്ര്യ നിയമം ഭേദഗതി ചെയ്തു. നിയമത്തിലൂടെ വിവാഹത്തിനായുള്ള നിർബന്ധിത മതം മാറ്റം കുറ്റകരമാണ്. കുറ്റക്കാരായ മത സംഘടനാ നേതാക്കൾക്ക് തടവും പിഴയും നിർദ്ദേശിക്കുന്നതാണ് നിയമം.

നിയമ പ്രകാരം വിവാഹം ചെയ്യുന്ന ആളെ മാത്രമല്ല അതിന് പ്രേരിപ്പിക്കുന്നവരേയും പ്രതികളാക്കാം. പ്രലോഭനങ്ങളിലൂടെയുള്ള മതംമാറ്റത്തിൽ മെച്ചപ്പെട്ട ജീവിതം, ദൈവകൃപ എന്നിവ വാഗ്ദാനം ചെയ്യുന്നതും കുറ്റകരമാക്കി. മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

ഇരകൾ സ്ത്രീയോ പ്രായപൂർത്തിയാകാത്തവരോ പട്ടിക വർഗ വിഭാഗങ്ങളിൽ പെടുന്നവരോ ആണെങ്കിൽ ഏഴ് വർഷം വരെയാണ് തടവ്. കുറ്റത്തിന് നേതൃത്വം നൽകുന്ന സംഘടനകളുടെ ഭാരവാഹികളെ 10 വർഷം വരെ തടവിനും അഞ്ച് ലക്ഷം രൂപവരെ പിഴയ്ക്കും ശിക്ഷിക്കാം. നിർബന്ധിത വിവാഹത്തിനെതിരെ ഇരയുമായി രക്തബന്ധമുള്ള ആർക്കും പോലീസിൽ പരാതിപ്പെടാം. ഇര സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത പ്രതിയുടേതാണ്.

സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനത്തിന് തടയിടാൻ നിയമം കൊണ്ടുവരുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞിരുന്നു. ലവ് ജിഹാദ് തടയാൻ യുപി, കർണ്ണാടക, മദ്ധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിയമനിർമ്മാണം നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ഗുജറാത്ത് സർക്കാരിന്റെ നീക്കവും.