ന്യൂഡൽഹി : ബിജെപി എം പി കിറോൺ ഖേർ കാൻസർ ചികിത്സയിലാണെന്ന് വ്യക്തമാക്കി നടനും, ഭർത്താവുമായ അനുപം ഖേറിന്റെ ട്വീറ്റ് . മൈലോമ എന്ന രോഗത്തിന്റെ പിടിയിലാണ് കിറോൺ എന്നാൽ അവരുടെ ഉള്ളിൽ ഒരു പോരാളിയുണ്ട് .

കിറോൺ സുഖം പ്രാപിച്ച് മടങ്ങി വരും എന്നാണ് അനുപം ഖേറിന്റെ ട്വീറ്റ്. എല്ലാവരുടെയും പ്രാർത്ഥനയിലും ഹൃദയത്തിലും കിറോണിന് ഇടം നൽകണമെന്നും അനുപം ഖേർ ട്വീറ്റിൽ പറയുന്നു . കിറോൺ മണ്ഡലത്തിലെ കാര്യങ്ങൾ കൃത്യമായി മുന്നോട്ട് കൊണ്ടു പോകുന്നതായും , ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ഒപ്പമുണ്ടെന്നും ചണ്ഡിഗഡ് ബിജെപി അധ്യക്ഷൻ അരുൺ സൂദും വ്യക്തമാക്കി.

കഴിഞ്ഞ നവംബറിലാണ് കിറോണിന് അർബുദം കണ്ടെത്തിയത് . കൈ ഒടിഞ്ഞതിനെ തുടർന്ന് നവംബറിൽ കിറോൺ ഖേറിനെ ചണ്ഡിഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ഈ സമയത്ത് നടത്തിയ പരിശോധനകളിലാണ് രോഗം സ്ഥിരീകരിച്ചത് . ഇടത് തോളിലും വലതുകൈയിലുമാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത് .

മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ ചികിത്സയിലാണ് കിറോൺ . മാസങ്ങളായി കിറോൺ ഖേർ ഓഫീസിൽ ഹാജരാകാതിരുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു . കിറോൺ ഖേറിനെതിരെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയ്ക്ക് കോൺഗ്രസ് കൗൺസിലർ സതീഷ് കൈന്ത് പരാതിയും നൽകി . തുടർന്നാണ് അനുപം ഖേറും ,അരുൺ സൂദും ആരോഗ്യ നില വിശദീകരിച്ച് രംഗത്തെത്തിയത്.