ഹൈദരാബാദ്: ഹൈദരാബാദിൽ 700 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. ഹൈദരാബാദിലെ രണ്ട് റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലെ റെയ്ഡിലാണ് ഈ തട്ടിപ്പ്് കണ്ടെത്തിയത്. കണക്കിൽപെടാത്ത 11.88 കോടി രൂപയും 1.93 കോടി രൂപയുടെ ആഭരണങ്ങളും റെയ്ഡിൽ പിടിച്ചെടുത്തതായും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഹൈദരാബാദിന്റെ പ്രാന്ത പ്രദേശത്തുളള യദാഗിരിഗുട്ടയിലെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. അപ്പാർട്ട്‌മെന്റുകളുടെ നിർമാണവും സ്ഥലം ഇടപാടുകളും നടത്തിയ കമ്പനികളാണിതെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. കണക്കിൽപെടാത്ത പണത്തിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകളും കരാറുകളും മറ്റ് രേഖകളും റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്.

ഭൂമിയുടെ രജിസ്‌ട്രേഷൻ മൂല്യത്തെക്കാൾ കൂടുതൽ തുക കമ്പനികൾ വാങ്ങിയിരുന്നുവെന്നും ഇത്തരത്തിൽ ലഭിച്ച തുക ബിസിനസ് വിപുലീകരിക്കാനും കൂടുതൽ ഭൂമി വാങ്ങാനുമാണ് ഉപയോഗിച്ചു വന്നിരുന്നതെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ആറ് വർഷമായി നടത്തിയ 700 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയത്.