ചെന്നൈ : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാർട്ടി ചിഹ്നം വലിച്ചെറിഞ്ഞ് മക്കൾ നീതി മയ്യം പാർട്ടി നേതാവും നടനുമായ കമൽ ഹാസൻ. റോഡ് ഷോയ്ക്കിടെയാണ് സംഭവം. ദേഷ്യത്തോടെയാണ് കമൽ ഹാസൻ ചിഹ്നം വലിച്ചെറിയുന്നത്. ടോർച്ചാണ് എംഎൻഎം പാർട്ടിയുടെ ചിഹ്നം.

പ്രചാരണത്തിനിടെ വാഹനത്തിൽ നിന്ന് ജനങ്ങളോട് സംസാരിക്കുകയായിരുന്നു കമൽ ഹാസൻ. അതിനിടെ വാഹനത്തിലുള്ളിലുള്ളവരോട് ദേഷ്യപ്പെടുകയും കയ്യിലിരുന്ന ടോർച്ച് വാഹനത്തിനുള്ളിലേയ്ക്ക് വലിച്ചെറിയുകയുമാണ് താരം ചെയ്തത്. മൈക്ക് പ്രവർത്തനരഹിതമായത് കാരണമാണ് കമൽ ഹാസൻ ഇത് ചെയ്തതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന്റെ വീഡിയോയും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സൗത്തിൽ നിന്നാണ് താരം മത്സരിക്കുന്നത്. തന്റെ പാർട്ടിയില്ലാതെ തമിഴ്‌നാട് തന്നെ ഇല്ല എന്ന് പറഞ്ഞുകൊണ്ടാണ് കമൽ ഹാസൻ കളത്തിലിറങ്ങിയിരിക്കുന്നത്.