തിരുവനന്തപുരം: ഇരട്ടവോട്ട് വിവാദത്തിൽ വ്യാജ വോട്ടർമാരുടെ വിവരങ്ങൾ നാളെ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല. 38,526 ഇരട്ടവോട്ടുകൾ മാത്രമെയുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത് അതിശയിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് ചെന്നിത്തല പറഞ്ഞു. ഇരട്ടവോട്ട് സംബന്ധിച്ച് മുഴുവൻ വിവരങ്ങളും നാളെ പുറത്തിവിടും. താൻ പറയുന്നതാണോ തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നതാണോ ശരിയെന്ന് പൊതു ജനങ്ങൾ അറിയണമെന്നും ചെന്നിത്തല പറഞ്ഞു.

നാല് ലക്ഷത്തിൽ അധികം കള്ളവോട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. കേരളത്തിലെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന വിധത്തിലുള്ള ഇരട്ടവോട്ടാണ് ചേർത്തിരിക്കുന്നത്. ഈ വ്യാജ വോട്ടർമാർ ഒരു കാരണവശാലും വോട്ടെടുപ്പിൽ പങ്കെടുക്കാൻ പാടില്ല. വെബ്‌സൈറ്റിലൂടെ വിവരങ്ങൾ പുറത്തുവിടുമെന്നും ഇരട്ടവോട്ട് ചെറിയ കാര്യമല്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

ഇരട്ട വോട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത പരാതികൾ പ്രസിദ്ധീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ജനവിധി അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നതായി സംശയിക്കുന്നു. തപാൽ വോട്ട് നടത്തുന്ന പ്രക്രിയയും ഒട്ടും സുരക്ഷിതമല്ല. കള്ളവോട്ട് ചെയ്യാൻ മഷി വരെ വിതരണം ചെയ്യുന്നുണ്ടെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആഴക്കടൽ മത്സ്യക്കൊള്ളയ്ക്കായി സംസ്ഥാന സർക്കാർ ഇഎംസിസിയുമായി 2020 ഫെബ്രുവരി 28ന് അസെൻഡിൽ വച്ച് ഒപ്പിട്ട ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു. വീണ്ടും അധികാരത്തിൽ വന്നാൽ നടപ്പാക്കാൻ വേണ്ടിയാണ് ഒറിജിനൽ ധാരണാപത്രം റദ്ദാക്കാതിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.