കോട്ടയം: താല്‍കാലിക നേട്ടത്തിനു വേണ്ടി അവസരം പോലെ സി.പി.എം നടത്തുന്ന നുണപ്രചരണങ്ങള്‍ ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുകയുണ്ടായി. സംസ്ഥാന സര്‍ക്കാറിന്‍റെ വികസന വിരുദ്ധ നിലപാടിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ കോട്ടയത്ത് നടത്തിയ ഉപവാസ സമരത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്‍റെ വികസനത്തില്‍ രാഷ്ടീയം മാത്രം കണ്ട് വിലങ്ങുതടിയാവരുത്. തിരുവഞ്ചൂര്‍ മണ്ഡഡലത്തില്‍ കൊണ്ടുവന്ന ഒരു പദ്ധതിയും നടത്താന്‍ അനുവദിക്കില്ലന്ന് ചിലരൊക്കെ പ്രതിജ്ഞ എടുത്ത കാര്യം കോട്ടയത്തെ ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം മണ്ഡലത്തില്‍ തുടങ്ങിവെച്ച 17 വന്‍കിട പദ്ധതികളടക്കം ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നത് കോട്ടയത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറയുകയുണ്ടായി.