ദൃശ്യം 2 വിലെ സിഐ ഫിലിപ്പ് മാത്യു നിസഹായവസ്ഥ വെളിപ്പെടുത്തുമ്ബോള്‍ കേട്ടുനില്‍ക്കുന്നവര്‍ക്കും ചിരി വരും. വളരെ സീരിയസ് ആയ സീന്‍ ട്രോളന്‍മാര്‍ ഏറ്റെടുത്തതിന്റെ സന്തോഷം കൂടിയുണ്ട് കെ.ബി.ഗണേഷ്കുമാറിന്. ‘ഒരു പതിനായിരം രൂപ അങ്ങോട്ട് തരും’ എന്ന ഡയലോഗ് ട്രോളായി മാറിയത് എങ്ങനെയെന്ന് ഇപ്പോഴും സംശയം.

‘ജീത്തുവും ഞാനുമായുള്ള രണ്ടാമത്തെ സിനിമയാണ് ദൃശ്യം. ജീത്തുവിനോടൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ജീത്തു ഒരു പുതുമുഖം ആയിരിക്കുമ്ബോഴാണ് മൈബോസ് ചെയ്യുന്നത്.തന്റെ കഥാപാത്രങ്ങള്‍ എങ്ങനെയായിരിക്കണം എന്ന് ജിത്തുവിന് പരിപൂര്‍ണ്ണ ബോധ്യമുണ്ട്. എഴുതിയുണ്ടാക്കുന്ന കഥാപാത്രത്തിന് സ്‌ക്രീനില്‍ ജീവന്‍ കൊടുക്കുന്നതില്‍ ജിത്തുവിനുള്ള കഴിവ് അപാരമാണ്. ഇന്റലിജന്റായുള്ള സ്ക്രിപ്റ്റാണ് സിനിമയുടെ ജീവന്‍.’

‘ദൃശ്യത്തിന്റെ ഒന്നാം ഭാഗം എടുത്തപ്പോള്‍ വളരെ വിമര്‍ശനങ്ങള്‍ വന്നു. നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം ഒരു ചെറുപ്പക്കാരന്‍ ഒരു കഥയെഴുതുന്നു, അതിലെ പോരായ്മ കണ്ടുപിടിക്കാന്‍ മൂന്നരക്കോടി ജനങ്ങളാണ് കാത്തിരിക്കുന്നത്.യുട്യൂബ് ഉള്‍പ്പെടെയുള്ള ഒരു വലിയ സോഷ്യല്‍ മീഡിയ ഇങ്ങനെ കാത്തിരിക്കുകയാണ് ഒരുഭാഗത്ത് ജീത്തു ജോസഫ് മാത്രം.’

‘സിനിമയിലെ ഒരു ഡയലോഗ് പോലും ലൊക്കേഷനില്‍ വച്ച്‌ മാറ്റിപറഞ്ഞിട്ടില്ല.ചിലതു മാറ്റണമെങ്കില്‍ അത് ജീത്തു തന്നെ മാറ്റും. എംടി സാറിന്റെയും പദ്മരാജന്‍ ചേട്ടന്റെയും ഡയലോഗ് അവര്‍ മാറ്റാന്‍ സമ്മതിക്കില്ല.എഴുതി വച്ചേക്കുന്നതു അതുപോലെ അഭിനയിക്കണം. എന്നാല്‍, ജീത്തുവിന്റെ ഒരു ഡയലോഗ് പോലും ഇതെന്താ ഇങ്ങനെ എന്ന് ചോദിക്കേണ്ടി വന്നിട്ടില്ല. സിനിമയെക്കുറിച്ച്‌ ജീത്തുവിന് നല്ല ധാരണയാണ്. പെര്‍ഫക്‌ട് ആയിരിക്കണമെന്ന നിര്‍ബന്ധവുമുണ്ട്. ‘

‘ഡബ്ബിങ് ഒക്കെ കഴിഞ്ഞ് ദൃശ്യം 2 റിലീസ് െചയ്യാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഒരു ദിവസം ജീത്തു വിളിച്ചിട്ട് പറയുകയാണ് ‘ചേട്ടാ നമുക്കൊരു ഡയലോഗ് മാറ്റിപ്പറയണം. പറഞ്ഞ തീയതി മാറിപ്പോയി..’ വരുണിന്റെ ബോഡി, റബര്‍ മരങ്ങളുടെ ഇടയില്‍ കുഴിച്ചിട്ടുകാണും എന്ന് പറയുന്ന ഡയലോഗാണ്, അതില്‍ പറഞ്ഞിരിക്കുന്ന ഡേറ്റ് മാറിപ്പോയിരുന്നു. ഞാന്‍ വീട്ടിലിരുന്നു ഫോണില്‍ റെക്കോര്‍ഡ് ചെയ്താണ് അത് അയച്ചുകൊടുത്തത്. പിന്നീട് അതു സിനിമയ്ക്കൊപ്പം ചേര്‍ത്തു. ഒരു തെറ്റുപോലും വരാന്‍ പാടില്ലെന്ന നിര്‍ബന്ധമാണ് ആ പെര്‍ഫെക്ഷനു പിന്നില്‍.’-ഗണേഷ് കുമാര്‍ പറഞ്ഞു.