നന്ദിഗ്രാം: 2007ലെ നന്ദിഗ്രാം വെടിവയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിലെ കരങ്ങള്‍ ‘അച്ഛന്‍റെയും മകന്‍റെയും’ എന്നാരോപിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പേരുകള്‍ വെളിപ്പെടുത്തിയില്ലെങ്കിലും മമത പരോക്ഷ പരാമര്‍ശം നടത്തിയത് നന്ദിഗ്രാമില്‍ മമതയുടെ എതിരാളിയായ ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയെയും, അദ്ദേഹത്തിന്‍റെ പിതാവ് ശിശിര്‍ അധികാരിയെയുമാണ് എന്നാണ് ബംഗാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴി വച്ചിരിക്കുന്നത് .

നന്ദിഗ്രാം വെടിവയ്പ്പുമായി അധികാരി കുടുംബത്തെ ബന്ധിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവന മമത നടത്തിയത് ഞായറാഴ്ചയാണ് . ചൊവ്വാഴ്ചയാണ് ബംഗാളില്‍ നന്ദിഗ്രാം അടക്കമുള്ള മണ്ഡലങ്ങളിലെ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് . നേരത്തെ മമതയുടെ തൃണമൂല്‍ അംഗമായിരുന്ന സുവേന്ദു അധികാരി അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്നാണ് സുവേന്ദു അധികാരിയോട് മത്സരിക്കാന്‍ മമത നന്ദിഗ്രാമില്‍ എത്തിയത്.

‘എങ്ങനെയാണ് നന്ദിഗ്രാമില്‍ ആച്ഛനും മകനും പൊലീസിനെ കരുതിവയ്ക്കുന്നത്, അവര്‍ അറിയാതെ നന്ദിഗ്രാമില്‍ പൊലീസിന് പ്രവേശിക്കാന്‍ പോലും സാധിക്കില്ലായിരുന്നു. അവരാണ് പൊലീസിനെ 2007 ല്‍ വിളിച്ചുവരുത്തിയത്. ഇപ്പോള്‍ അവര്‍ 2007 ലെ ഭൂമി ഏറ്റെടുക്കല്‍ എതിര്‍ത്തവര്‍ക്കെതിരായ കേസ് വീണ്ടും തുറക്കാന്‍ കോടതിയില്‍ പോകുന്നു’ – അധികാരി കുടുംബത്തിന്‍റെ പേര് വെളിവാക്കാതെ മമത പറയുന്നു.

സുവേന്ദു അധികാരി ‘പുറത്തുനിന്നുള്ളവരെ’ സംഘടിപ്പിച്ചുവെന്നും മമത ആരോപിക്കുന്നു. മാര്‍ച്ച്‌ 10ന് ബിരുളിയ ബസാറില്‍ തനിക്കെതിരെ നടന്ന ആക്രമണം ഇത്തരത്തിലുള്ളതാണ്. അതില്‍ നന്ദിഗ്രാമില്‍ നിന്നുള്ളവര്‍ ആരുമില്ല. എന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപകടപ്പെടുത്താന്‍ ശ്രമിച്ചു. എന്നിട്ടും ഞാന്‍ വീല്‍ചെയറില്‍ പോലും മുന്നോട്ട് നീങ്ങുന്നു- മമത പറയുന്നു.

അതേ സമയം മമതയുടെ നേരിട്ടുള്ള വിമര്‍ശനങ്ങളോട് പ്രതികരിക്കാത്ത സുവേന്ദു അധികാരി, ബീഗം (മമത) തോല്‍ക്കുകയാണ്, ന്യൂനപക്ഷ നേതാക്കളായ എസ്.കെ സുല്‍ഫാന്‍, റുക്കുനുദ്ദീന്‍ എന്നിവരോട് അല്ലാതെ അവര്‍ സംസാരിക്കുന്നില്ല. അവര്‍ ജയിച്ചാല്‍ മിനി പാകിസ്ഥാന്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും സുവേന്ദു അധികാരി കുറ്റപ്പെടുത്തി .

” ജനങ്ങളെ മതപരമായി വിഭജിച്ച്‌, തെരഞ്ഞെടുപ്പ് വിജയത്തിന് ആവശ്യമായ വര്‍ഗ്ഗീയ കലാപത്തിന് വഴിമരുന്നിടുകയാണ് അവര്‍, ഞാന്‍ ഈ യുദ്ധ രംഗം വിട്ടുപോകില്ല. പോരാടി വിജയിക്കും. എല്ലാ മതക്കാരും ഒന്നായി നില്‍ക്കുന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത് ” . അധികാരിയുടെ വിമര്‍ശനത്തിന് -മമത മറുപടി പറഞ്ഞു.

2007 ല്‍ 14 കൊല്ലം മുന്‍പ് നടന്ന നന്ദിഗ്രാം വെടിവയ്പ്പിലെ പുതിയ വെളിപ്പെടുത്തലിലൂടെ ആ സംഭവത്തെ വികാരപരമായി കാണുന്നവരുടെ വോട്ടുകള്‍ ഉറപ്പിക്കാനും, സുവേന്ദു അധികാരി കുടുംബത്തിനെതിരെ വികാരം ഉണ്ടാക്കിയെടുക്കാനുമുള്ള ശ്രമത്തിലാണ് മമത. അതേ സമയം മമതയുടെ പ്രസ്താവനയെ ആയുധമാക്കി ബംഗാളിലെ ഇടതുപക്ഷം രംഗത്ത് എത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ഇടതുപക്ഷത്തിനെതിരെ നടന്ന വലിയ ഗൂഢാലോചനയാണ് വെളിച്ചത്ത് എത്തിയത് എന്നാണ് ഇടതിന്റെ വാദം.