ഇസ്​താംബൂള്‍: തുര്‍ക്കിയെ നടുക്കിയ ശക്തിയേറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 51 ആയി ഉയര്‍ന്നു. അപകടത്തില്‍ പരിക്കേറ്റ 214 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 682 പേര്‍ ആശുപത്രിവിട്ടു. കെട്ടിടാവശിഷ്​ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി തുര്‍ക്കി വൈസ് പ്രസിഡന്‍റ് ഫുആദ് ഒക്തായി പറഞ്ഞു.

വെള്ളിയാഴ്​ച വൈകി​ട്ടോടെ ഏഗന്‍ കടലിലാണ് റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 850 തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു. ഇതില്‍ 40 എണ്ണം 4.0 തീവ്രതയിലുള്ളതാണ്.

തുര്‍ക്കിയുടെ പടിഞ്ഞാന്‍ പട്ടണങ്ങളില്‍ പ്രകമ്പനം സൃഷ്ടിച്ച ഭൂചലനം, സാമോസ് ദ്വീപില്‍ ചെറിയ സുനാമിക്കും കാരണമായി. ഇസാമിര്‍ തീരത്തു നിന്ന്​ 17 കിലോമീറ്റര്‍ അകലെ 16 കിലോമീറ്റര്‍ ആഴത്തിലാണെന്ന്​ ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം.

30 ലക്ഷത്തോളം പേര്‍ വസിക്കുന്ന ഇസ്​മിറിലാണ് ഭൂചലനം കനത്ത നാശനഷ്​ടമുണ്ടാക്കിയത്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ഏഗന്‍ കടലിലുണ്ടായ സുനാമിയില്‍ തീരപ്രദേശങ്ങളിലെ റോഡുകളിലും കെട്ടിടങ്ങളിലും വെള്ളം കയറുകയും ചെയ്​തു.