ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് എതിരായ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ ഡിഎംകെ നേതാവ് എ. രാജ. പ്രസ്താവന വേദനിപ്പിച്ചെന്ന് പറഞ്ഞ് പളനിസ്വാമി പൊതുയോഗത്തില്‍ വിങ്ങിപ്പെട്ടിയതിന് പിന്നാലെയാണ് മാപ്പുപറച്ചില്‍. തന്റെ പ്രസംഗം തെറ്റിധരിക്കപ്പെട്ടുവെന്നും എംകെ സ്റ്റാലിനും പളനിസ്വാമിയും തമ്മിലുള്ള താരതമ്യം മാത്രമാണ് ചെയ്തതെന്നുമാണ് രാജയുടെ വിശദീകരണം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെയും പളനിസ്വാമിയെയും താരതമ്യം ചെയ്ത് സംസാരിക്കുന്നതിനിടെ ആണ് രാജ വിവാദ പരാമര്‍ശം നടത്തിയത്. അവിഹിത ബന്ധത്തില്‍ പിറന്ന വളര്‍ച്ചയെത്താത്ത കുഞ്ഞ് എന്നായിരുന്നു എടപ്പാടി പളനിസ്വാമിക്കെതിരെ രാജ നടത്തിയ പരാമര്‍ശം. നിയമാനുസൃതമായി പിറന്ന പൂര്‍ണ പക്വതയെത്തിയ കുഞ്ഞാണ് സ്റ്റാലിനെന്നും രാജ പറഞ്ഞിരുന്നു.

പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി രാജയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. രാജയ്‌ക്കെതിരെ അണ്ണാ ഡിഎംകെ. നടത്തിയ പ്രതിഷേധങ്ങള്‍ ഡിഎംകെയെ പ്രതിരോധത്തിലാഴ്ത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് മാപ്പുപറച്ചില്‍. രണ്ട് നേതാക്കളുടെ രാഷ്ട്രീയ വളര്‍ച്ചയെ താരതമ്യം ചെയ്തതായിരുന്നു. അതല്ലാതെ പളനിസ്വാമിയെയോ അദ്ദേഹത്തിന്റെ അമ്മയേയോ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും രാജ പറഞ്ഞു.

പ്രസ്താവന വിവദമായതോടെ രാജക്ക് എതിരെ അണ്ണാ ഡിഎംകെഎ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പുറമെ, പൊതുയോഗത്തില്‍ വെച്ച്‌ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വൈകാരികമായി സംസാരിച്ചതും ഡിഎംകെയെ സമ്മര്‍ദ്ദത്തിലാഴ്ത്തി.

ദരിദ്രരോ സമ്ബന്നരോ ആകട്ടെ, അമ്മമാര്‍ സമൂഹത്തില്‍ ഉന്നത സ്ഥാനം വഹിക്കുന്നവരാണെന്നും അവരെക്കുറിച്ച്‌ മോശമായി സംസാരിക്കുന്നവരെ ദൈവം ശിക്ഷിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

സംഭവത്തെ തുടര്‍ന്ന് എ.രാജക്കെതിരെ പോലീസ് കേസെടുത്തു. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രസ്താവന നടത്തിയതായി ഐഐഎഡിഎംകെ പരാതി നല്‍കിയിരുന്നു.