മുന്‍ ഇന്ത്യന്‍ താരം എസ് ബദ്രിനാഥിനും കോവിഡ് പോസിറ്റീവ്. ട്വിറ്ററിലൂടെയാണ് ബദ്രിനാഥ്‌ കോവിഡ് പോസിറ്റീവായ വിവരം പുറത്തുവിട്ടത്. ചെറിയ ലക്ഷണങ്ങള്‍ തനിക്കുണ്ടെന്നും താനിപ്പോള്‍ വീട്ടില്‍ ഐസൊലേഷനിലാണെന്നും വേണ്ട പ്രോട്ടോക്കോളുകളെല്ലാം താന്‍ പാലിക്കുന്നുണ്ടെന്നും ബദ്രിനാഥ് അറിയിച്ചു. റോഡ് സേഫ്റ്റി സീരിസിന്റെ ഭാഗമായ മൂന്നാമത്തെ താരത്തിനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനും യൂസഫ് പത്താനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സച്ചിനും യൂസഫ് പത്താനും ബദ്രിനാഥും റോഡ് സേഫ്റ്റി ലോക സീരിസില്‍ ഇന്ത്യന്‍ ലെജന്‍ഡസിന് വേണ്ടി കളിച്ചിരുന്നു. ഫൈനലില്‍ ശ്രീലങ്കയെ 14 റണ്‍സിന് പരാജയപ്പെടുത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേതൃത്വത്തിലുള്ള ഇതിഹാസങ്ങള്‍ കിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ യുവരാജ് സിംഗിന്റെയും യൂസഫ് പത്താന്റെയും തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറികളുടെ മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. യുവരാജ് 41 പന്തില്‍ 60 റണ്‍സും 35 പന്തില്‍ 62 റണ്‍സെടുത്ത യൂസഫ് പത്താനുമാണ് ഇന്ത്യയ്ക്ക് ജയം നേടുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്.