തൃത്താല: എന്‍കൗണ്ടര്‍ കൊലപാതകങ്ങള്‍ ഗുജറാത്ത് മോഡല്‍ ആണെന്നും അത് കേരളത്തിലേക്ക് കൊണ്ട് വന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും തൃത്താല എംഎല്‍എയും മണ്ഡലത്തില്‍ നിന്ന് ഇത്തവണയും ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വിടി ബല്‍റാം. ഏഴ് മനുഷ്യരെ എന്‍കൗണ്ടര്‍ കൊലപാതകങ്ങളിലൂടെ പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും ബല്‍റാം ആരോപിച്ചു.

‘പഴയകാല വിപ്ലവകാരികളെ കുറിച്ച്‌ ഓര്‍ക്കുന്ന ആളുകളാണ് ഒമ്ബത് വിപ്ലവകാരികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. ഏറ്റുമുട്ടല്‍ കൊലപാതകം ഗുജറാത്ത് മോഡലാണ്. ആ മോഡല്‍ കേരളത്തിലേക്ക് കൊണ്ടുവന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.’ ബല്‍റാം പറഞ്ഞു. എകെജിക്കെതിരായ വിവാദ പരാമര്‍ഷം എല്‍ഡിഎഫ് പ്രചരണായുധമാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ബല്‍റാമിന്റെ പ്രതികരണം.

താന്‍ എംഎല്‍എ ആയി എത്തുന്നതിന് മുന്‍പ് നാല് തവണ മണ്ഡലത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിന് വിജയം നല്‍കിയതാണ് ദുരവസ്ഥയ്ക്ക് കാരണമെന്നും ബല്‍റാം പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളിലൂന്നിയാണ് പ്രചാരണമെന്നും നൂറ് ശതമാനം വിജയപ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്ബ് മുന്നോട്ട് പോകുന്നതെന്നും വി.ടി ബല്‍റാം പറഞ്ഞു.

എല്‍ഡിഎഫ് എന്തുവന്നാലും ജയിക്കും എന്ന അഹങ്കാരത്തിലും അമിത ആത്മവിശ്വാസത്തിലും ഇരിക്കുകയായിരുന്നു. ഒന്നും ചെയ്തില്ലെങ്കിലും എംഎല്‍എയെ കാണാന്‍ കിട്ടുന്ന അവസ്ഥ പോലും ഇല്ലെങ്കിലും പാര്‍ട്ടി ചിഹ്നം കണ്ടാല്‍ വോട്ട് ചെയ്യും എന്ന മിഥ്യാധാരണയുണ്ടായിരുന്നു. അത് ഇന്നും ചിലര്‍ക്കുണ്ട്. എന്നാല്‍ അതില്‍ നിന്നും തൃത്താല ഒരുപാട് മുന്നോട്ട് വന്നിട്ടുണ്ടെന്നും യുഡിഎഫ് ജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ തന്നെ ഏവരാലും ബഹുമാനിക്കപ്പെടുന്ന എകെജിയെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയ ബല്‍റാമിനെതിരെ ഇടതുപക്ഷം അത് പ്രധാന പ്രചരണായുധമാക്കിയതോടെ നിലപാടില്‍ നിന്ന് എംഎല്‍എ പിന്നോട്ട് പോയിരുന്നു. എകെജി എന്ന വിപ്ലവകാരിയെ അംഗീകരിക്കുന്നു എന്നാണ് വിടി ബല്‍റാം ട്വന്റിഫോര്‍ ന്യൂസിനോട് പ്രതികരിച്ചത്. എകെജിയുടെ രാഷ്ട്രീയത്തേയും അംഗീകരിക്കുന്നതായും അദ്ദേഹം പറയുന്നുണ്ട്.