മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്‍എ നികുതിവെട്ടിപ്പ് നടത്തിയ ആഡംബര വീട്ടില്‍ കോര്പറേഷന് അധികൃതര്‍ വീണ്ടും പരിശോധനക്കെത്തും. അനധികൃത നിര്‍മാണം ക്രമപ്പെടുത്താനായി വീട്ടുടമയായ ഷാജിയുടെ ഭാര്യ അപേക്ഷ നല്‍കിയിരുന്നു. പുതുക്കിയ പ്ലാനില്‍ നിയമവും ചട്ടങ്ങളും പാലിച്ചിട്ടുണ്ടോ എന്ന പരിശോധനയാകും നടക്കുക.
അനധികൃത നിര്‍മാണം നടന്നിട്ടുണ്ടെന്നും കഴിഞ്ഞയാഴ്ച അളന്ന് തിട്ടപ്പെടുത്തിയപ്പോള്‍ വ്യക്തമായി. ഇതോടെ നിര്‍മിച്ച വീട് പൊളിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്ന് നോട്ടീസ് നല്കി. നോട്ടീസ് ലഭിച്ചതോടെയാണ് പുതുക്കിയ പ്ലാനും അപേക്ഷയുമായി ഷാജി കോര്‍പറേഷനെ സമീപിച്ചത്.കോര്പറേഷന് ആദ്യം നല്കിയ അനുമതി പ്രകാരം 3200 ചതുരശ്ര അടി വിസ്തീര്‍ണമേ പാടുള്ളൂ. 5420 ചതുരശ്ര അടിയാണ് വീടിന്റെ വലുപ്പം. എന്നാല്‍ 4500 ചതുരശ്ര അടിയേ വിസ്തൃതിയുള്ളൂ എന്നാണ് ഷാജിയുടെ വാദം. ഇത് പരിഗണിക്കുമ്ബോള്‍ പുതുക്കിയ പ്ലാനില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. അപേക്ഷക്കൊപ്പം നല്കിയ രേഖകളുടെ പരിശോധന കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു.