തൃശ്ശൂര്‍: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വര്‍ധന ഉണ്ടായ സ്ഥിതിക്ക് പൂരം പ്രദര്‍ശനത്തിന് ഇളവുകള്‍ അനുവദിക്കാനാവില്ലെന്ന് ആരോഗ്യവകുപ്പ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.8 ശതമാനത്തില്‍നിന്ന് 3.12 ശതമാനമായി കൂടിയതാണ് ഇതിന് അടിസ്ഥാനമായി ചൂണ്ടിക്കാട്ടുന്നത്.

പൂരം പ്രദര്‍ശനത്തിലെ ടിക്കറ്റ്, കൗണ്ടറില്‍നിന്ന് എടുക്കുന്നത് അനുവദിക്കാനാവില്ലെന്ന് കാണിച്ച്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് കത്തുനല്‍കി. ഓണ്‍ലൈന്‍ ബുക്കിങ് മാത്രമേ അനുവദിക്കാനാവൂ എന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. പൂരം പ്രദര്‍ശനം എങ്ങനെയായിരിക്കുമെന്ന് കാണിച്ച്‌ പ്രദര്‍ശനക്കമ്മിറ്റി നല്‍കിയ കത്ത് മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചിരുന്നു. സ്റ്റാളുകളുടെ എണ്ണം കുറയ്ക്കാമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാമെന്നും ഉള്ള നിര്‍ദേശങ്ങള്‍ കത്തിലുണ്ടായിരുന്നു.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉണ്ടായ തീരുമാനമാണ് പൂരം നടത്തിപ്പിന് വഴിതെളിച്ചത്. എന്നാല്‍, ആ യോഗത്തിലാണ് പൂരം പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനത്തിന് ഇ-ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം വന്നത്. ഇതിനെ പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വങ്ങള്‍ എതിര്‍ത്തിരുന്നു. ഇ-ടിക്കറ്റ് മാത്രം ശരിയാവില്ലെന്നും കൗണ്ടര്‍ ടിക്കറ്റ് വേണമെന്നും ദേവസ്വങ്ങള്‍ നിലപാടെടുത്തു.

എന്നാല്‍, ടിക്കറ്റ് സംവിധാനം എങ്ങനെ വേണമെന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉണ്ടായിരുന്നില്ല. പൂരം പ്രദര്‍ശനത്തിനുള്ള ഒരുക്കങ്ങളുമായി ദേവസ്വങ്ങള്‍ മുന്നോട്ടു പോവുകയും ചെയ്തു. അതിനിടയിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കളക്ടര്‍ക്ക് കത്തുനല്‍കിയത്. കത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനം കളക്ടറാണ് എടുക്കേണ്ടത്.