കൊച്ചി: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇരട്ട വോട്ട് വിവാദം കത്തി നില്‍ക്കുന്നതിനിടയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി മറ്റൊരു സ്ഥാനാര്‍ഥിക്കും ഇരട്ട വോട്ടുണ്ടെന്ന ആരോപണം. തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കെപിസിസി വൈസ് പ്രസിഡന്റുമായ പത്മജ വേണുഗോപാലിനാണ് ഇരട്ട വോട്ടുള്ളതായി രേഖകള്‍ വ്യക്തമാക്കുന്നത്. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറായ പത്മജയ്ക്ക് തൃശൂരിലും വോട്ടുണ്ട്. ഇവരുടെ മകന്‍ കരുണ്‍ മേനോനും രണ്ട് മണ്ഡലങ്ങളില്‍ വോട്ടുണ്ട്.

തൃശൂരിലെ 29-ാം നമ്ബര്‍ ബൂത്തായ ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ 29എ പോളിംഗ് സ്‌റ്റേഷനിലും തൃക്കാക്കരയിലെ പനമ്ബിള്ളി നഗര്‍ 106-ാം നമ്ബര്‍ ബൂത്തായ ഗവ.എച്ച്‌എസ്‌എസിലുമാണ് പത്മജയ്ക്ക് വോട്ടുള്ളത്. മകന്‍ കരുണ്‍ മേനോനും ഇതേ ബൂത്തുകളിലാണ് വോട്ടുള്ളത്. രണ്ടു സ്ഥലങ്ങളിലെ ഐഡി കാര്‍ഡ് നമ്ബറുകളും വ്യത്യസ്തമാണ്. IDZ1713015 ആണ് പത്മജയുടെ തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍ ഐ.ഡി നമ്ബര്‍. തൃക്കാക്കരയിലേത് BXD1663863. കരുണിന്റേത് തൃശൂരിലേത് IDZ1735927,, തൃക്കാക്കരയിലേത് BXD1663871.

ഇരട്ട വോട്ട് ആരോപണം നേരിടുന്ന നാലാമത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് പത്മജ വേണുദൃഗോപാല്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഭരണകക്ഷിയായ സിപിഎമ്മിനെതിരെ ഇരട്ട വോട്ട് ആയുധമാക്കി രംഗത്തെത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് തന്നെ ഇത്തരത്തില്‍ ഇരട്ട വോട്ട് സ്ഥിരീകരിച്ച്‌ റിപ്പോര്‍ട്ടുകള്‍ വരുന്നത് പാര്‍ട്ടിക്ക് തന്നെ ക്ഷീണമായെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.

കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ് ലാലിന് രണ്ടിടത്ത് വോട്ടെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ 170 നമ്ബര്‍ ബൂത്തിലാണ് രണ്ട് വോട്ടുകളുള്ളത്. അത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ പിഴവാണെന്നും പുതിയ തെരഞ്ഞെടുപ്പ് കാര്‍ഡിന് അപേക്ഷ നല്‍കിയപ്പോള്‍ പഴയ നമ്ബര്‍ മാറ്റിയിലെന്നുമാണ് ലാലിന്റെ പ്രതികരണം. സിറ്റിങ് എംഎല്‍എ കൂടിയായ എല്‍ദോസ് കുന്നംപള്ളിക്കും ഇരട്ടവോട്ടുണ്ടെന്ന് തെളിഞ്ഞിരുന്നു.

കയ്പമംഗലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശോഭ സുബിനും മൂന്ന് വോട്ടുകളുണ്ടെന്ന് നേരത്തെ തെളിഞ്ഞിരുന്നു. രണ്ട് നിയമസഭാമണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലായാണ് മൂന്ന്‌ വോട്ട്. ഒരേ നമ്ബറിലുള്ള രണ്ടെണ്ണമുള്‍പ്പെടെ മൂന്ന് തിരിച്ചറിയല്‍ കാര്‍ഡും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. എല്‍.ഡി.എഫ്. നേതാക്കളാണ് രേഖകള്‍ പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് പ്രകാരം കയ്പമംഗലം നിയോജകമണ്ഡലത്തിലെ കയ്പമംഗലം പഞ്ചായത്തില്‍ ബൂത്ത് നമ്ബര്‍ 27-ല്‍ ക്രമനമ്ബര്‍ 763-ല്‍ TAB0759035 എന്ന നമ്ബറില്‍ ശോഭാ സുബിന് വോട്ടുണ്ട്.