കൊച്ചി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തുടങ്ങിയതോടെ കേരളത്തില്‍ ജോലി ചെയ്യുന്ന അതിഥി സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി നാട്ടിലേക്ക് മടങ്ങുന്നു. അസം, ബംഗാള്‍ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസം ഒന്നാംഘട്ട വോട്ടെടുപ്പ് നടന്നത്.

ഇവിടേക്കാണ് തൊഴിലാളികള്‍ കൂട്ടത്തോടെ പോയിരിക്കുന്നത്. ഇതോടെ കേരളത്തിലെ തൊഴില്‍ മേഖല പ്രതിസന്ധിയിലായിരിക്കുകയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ തൊഴിലിനെത്തുന്നത് അസമില്‍ നിന്നും ബംഗാളില്‍ നിന്നുമാണ്.

മൂവാറ്റുപുഴ, പെരുമ്ബാവൂര്‍, പിറവം, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ നിന്ന് ഒരാഴ്ചക്കിടെ മൂവായിരത്തോളം തൊഴിലാളികളാണ് അസമിലേക്കും ബംഗാളിലേക്കും പോയത്. മൂവാറ്റുപുഴയില്‍ നിന്നും ഇന്നലെ മാത്രം അഞ്ഞൂറോളം പേരാണ സ്വദേശങ്ങളിലേക്ക് പോയത്.

നിര്‍മാണതൊഴില്‍ മേഖല, ഹോട്ടല്‍-റസ്‌റ്റോറന്റ് മേഖല, റബ്ബര്‍, പൈനാപ്പിള്‍, നെല്‍കൃഷി എന്നീ മേഖലകളിലാണ് അതിഥിസംസ്ഥാന തൊഴിലാളുകളുടെ അഭാവം കാര്യമായി ബാധിക്കുക.