ശബരിമല യുവതീപ്രവേശനം ലിംഗസമത്വവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഈ വിഷയത്തില്‍ ഇടത് മുന്നണിയുടെ നിലപാടില്‍ ഒരു മാ‌റ്റവുമില്ലെന്ന് സി.പി.ഐ മുതിര്‍ന്ന നേതാവ് ആനി രാജ. ശബരിമല സ്‌ത്രീപ്രവേശനത്തില്‍ ഇടതുപക്ഷം നിലപാടില്‍ നിന്ന് പിന്നോട്ട് പോകുമെന്ന് തോന്നുന്നില്ലെന്നും സംസ്ഥാനത്തെ ഏതെങ്കിലുമൊരു മന്ത്രി സ്‌ത്രീപ്രവേശനത്തെ എതിര്‍ത്ത് അഭിപ്രായം പറഞ്ഞാല്‍ അത് ഇടത് മുന്നണി നിലപാടായി കാണാനാകില്ലെന്നും ആനി രാജ അഭിപ്രായപ്പെട്ടു.

ശബരിമലയിലേത് ലിംഗസമത്വമാണ് വിഷയം. ഇതില്‍ ഇടത് പാര്‍ട്ടികളുടെ അഭിപ്രായങ്ങള്‍ക്ക് മാ‌റ്റമില്ല. ശബരിമല വിഷയത്തില്‍ കോടതിവിധി വന്നശേഷം മാത്രം നടപടിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആദ്യം സ്‌ത്രീ പ്രവേശനത്തെ അനുകൂലിച്ചെങ്കിലും പിന്നീട് വിധി വരട്ടെ എന്നാണ് അഭിപ്രായപ്പെട്ടത്. സാമ്ബത്തിക സംവരണത്തെ അനുകൂലിച്ചു കൊണ്ടുള്ള സുപ്രീം കോടതി പരാമര്‍ശത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും, സാമ്ബത്തിക സംവരണ വിഷയത്തില്‍ സുപ്രീംകോടതി മനുവാദത്തിലേക്ക് മടങ്ങുന്നതായി സംശയിക്കണമെന്നും ആനി രാജ അഭിപ്രായപ്പെട്ടു.