കൊല്‍ക്കത്ത: എട്ട് ഘട്ടങ്ങളായി ആസൂത്രണം ചെയ്ത പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മാര്‍ച്ച്‌ 27ന് നടക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

മുപ്പത് നിയോജകമണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പുരുലിയ, ഝാര്‍ഗ്രാം, ബങ്കുറ, പുര്‍ബ മേദിനിപൂര്‍, പശ്ചിം മേദിനിപൂര്‍ തുടങ്ങിയ മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

30 മണ്ഡലങ്ങളിലായി 191 പേര്‍ മല്‍സര രംഗത്തുണ്ട്. അതില്‍ 21 പേര്‍ സ്ത്രീകളാണ്.

ആദ്യ ഘട്ടത്തില്‍ 7380942 വോട്ടര്‍മാരുണ്ട്. അതില്‍ 3752938 പുരുഷന്മാരും 3627949 വനിതകളുമാണ്. 55 ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരുണ്ട്. സര്‍വീസ് വോട്ടുകള്‍ 11767 എണ്ണം.

123393 പേര്‍ 60 വയസ്സിനു മുകളിലുള്ളവരാണ്. 40408 പേര്‍ ഭിന്നശേഷിക്കാരാണ്.

10288 പോളിങ് സ്‌റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 8229 എണ്ണം മുഖ്യവും 2059 എണ്ണം ഉപബൂത്തുകളുമാണ്. 730 കമ്ബനി സുരക്ഷാസൈനികരെ വിന്യസിപ്പിച്ചിട്ടുണ്ട്.