കഴിഞ്ഞദിവസമായിരുന്നു മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ പൂജ നടന്നത്. നവോദയ സ്‌റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, ഫാസില്‍, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍ തുടങ്ങി പ്രമുഖരുടെ നിരതന്നെ അണിനിരന്നു. ഏവരും ലാലിനെ കുറിച്ചും അദ്ദഹത്തിനുള്ളിലെ സംവിധായകനെ കുറിച്ചും വാചാലരാവുകയുണ്ടായി. അതില്‍ ദിലീപ് പറഞ്ഞ ചില വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ദിലീപിന്റെ വാക്കുകള്‍-

‘വലിയ സന്തോഷമുള്ള ദിവസമാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ എന്നും ഓര്‍മ്മിക്കാവുന്ന ഒരു നിമിഷം. എന്നെ സംബന്ധിച്ച്‌ ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിവസമാണിത്. ലാലേട്ടന്‍ ഹീറോയായ വിഷ്‌ണുലോകം എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ മലയാള സിനിമയില്‍ വരുന്നത്. അന്ന് ലാലേട്ടന്റെ മുമ്ബില്‍ ക്ളാപ്പടിച്ചു തുടങ്ങിയ ജീവിതമാണ് എന്റെത്. അദ്ദേഹത്തിന്റെ സംവിധായകനെ നേരിട്ടറിഞ്ഞിട്ടുള്ളയാളാണ് ഞാന്‍. ഉള്ളടക്കം എന്ന ചിത്രത്തിലെ ഒരു ഫൈറ്റ് കംപോസ് ചെയ‌്തത് ലാലേട്ടനാണ്. ലാല്‍ജോസും ഞാനുമായിരുന്നു അദ്ദേഹത്തിന്റെ അസിസ്‌റ്റന്റ്സ്.

ഞങ്ങള്‍ ലാലേട്ടന്‍ കാണിച്ചുതരുന്നതുപോലെ അഭിനയിക്കും, മറ്റുള്ളവര്‍ അത് അനുകരിക്കും. ലാലേട്ടന്‍ മാറി നടന്നത് വലിയൊരു നിധിക്കു വേണ്ടിയായിരുന്നുവെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്. ബറോസ് ഗംഭീര സിനിമയായിരിക്കും. സിനിമ സംവിധാനം ചെയ്യുന്നുവെന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ലാലേട്ടനോട് ചോദിച്ചു എനിക്കൊരു ചെറിയ വേഷമെങ്കിലും കിട്ടുമോയെന്ന്. പക്ഷേ ഇതിലെ ആള്‍ക്കാരെയെല്ലാം കണ്ടുകഴിഞ്ഞപ്പോള്‍ അതിനൊന്നും സ്കോപ്പില്ലെന്ന് മനസിലായി’.