തിരുവനന്തപുരം: മലയാളി ഗായകന്‍ ജയരാജ് നാരായണന്‍ യുഎസ്സില്‍ വാഹനാപകടത്തില്‍ മരിച്ചു. ഷിക്കാഗോയില്‍ വെച്ചാണ് വാഹനാപകടം ഉണ്ടായത്. എരൂര്‍ ജയാലയത്തില്‍ പരേതനായ നങ്ങ്യാരത്ത് മഠത്തില്‍ നാരായണന്‍ കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്.

ഭാര്യ: മായ. മക്കള്‍: മേഘ്ന, ഗൗരി. സഹോദരങ്ങള്‍: ജയദേവ് നാരായണ്‍, ജയശ്രീ സുനില്‍. സംസ്കാരം പിന്നീട് ആയിരിക്കും. 14 വര്‍ഷം കര്‍ണാടക സംഗീതം പഠിച്ചതിന് ശേഷമാണ് ജയരാജ് നാരായണന്‍ ഗാനാലാപന രംഗത്തേക്ക് വരുന്നത്. ക്ലാസിക്കല്‍ ഭക്തി ഗാനരംഗത്ത് അറിയപ്പെടുന്ന ഗായകനാണ് ജയരാജ് നാരായണന്‍. 1996 ലെ ഏഷ്യാനെറ്റ് വോയ്സ് ഓഫ് ദി വീക്കില്‍ ജേതാവായിരുന്നു. ഇന്ത്യ, മിഡില്‍ ഈസ്റ്റ്, അമേരിക്ക എന്നിവിടങ്ങളില്‍ കച്ചേരികളിലൂടെ പ്രസിദ്ധനാണ്.