മുംബൈ: നഗരത്ത​ിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ടുമരണം. മുംബൈയില്‍ കോവിഡ്​ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനിടെയാണ്​ അപകടം.

വ്യാഴാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു തീപിടിത്തം. മാളിലെ ആശുപത്രിയിലാണ്​ സംഭവം. 70ല്‍ അധികം രോഗികള്‍ ഈ സമയം ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു. തീ പടര്‍ന്നതോടെ രോഗികളെയെല്ലാം ആശുപത്രിയില്‍നിന്ന്​ പുറത്തെത്തിച്ചു. രണ്ട​ുപേര്‍ മരിച്ചതായും അധികൃതര്‍ അറിയിച്ചു.

തീ അണക്കാനായി 22ഓളം ഫയര്‍ എന്‍ജിനുകളാണ്​ സ്​ഥലത്തെത്തിയത്​. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​.

70 കോവിഡ്​ രോഗികളില്‍ 30പേരെ മുളുന്ദ് ജം​േബാ സെന്‍ററിലേക്കും മൂന്നുപേരെ ഫോര്‍ട്ടിസ്​ ആശുപത്രിയിലേക്കുമാണ്​ മാറ്റിയതെന്ന്​ ​മുതിര്‍ന്ന ഡോക്​ടര്‍ പറഞ്ഞു.

ആദ്യമായാണ്​ ഒരു മാളില്‍ ആശുപത്രി കാണുന്നതെന്നും ഇത്​ ഗുരുതരമായ സംഭവമാണെന്നും മുംബൈ മേയര്‍ കിശോരി പെഡ്​നേകര്‍ പറഞ്ഞു. ഏഴു രോഗികള്‍ വെന്‍റിലേറ്ററിലാണ്​. 70 പേരെ മറ്റൊരു ആശുപത്രിയിലേക്ക്​ മാറ്റി. തീപിടിത്തത്തിന്‍റെ കാരണം അന്വേഷിക്കാന്‍ ഉത്തരവിട്ടതായും മേയര്‍ പറഞ്ഞു.

മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതല്‍ കോവിഡ്​ ബാധിതര്‍. മുംബൈ നഗരത്തിലാണ്​ ഇതില്‍തന്നെ ഏറ്റവും കുടുതല്‍ രോഗികള്‍. വ്യാഴാഴ്​ച 5504 പേര്‍ക്കാണ്​ മുംബൈയില്‍ കോവിഡ്​ സ്​ഥിരീകരിച്ചത്​.