ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടപ്രചരണം ഇന്ന് അവസാനിക്കും. സീമാഞ്ചല്‍ മേഖലയിലെ 91 മണ്ഡലങ്ങളിലെ പ്രചരണമാണ് ഇന്ന് കൊട്ടിക്കലാശിക്കുക. ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ അതിശക്തമായ സുരക്ഷയാണ് 91 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിരിക്കുന്നത്.

അധികാരം നിലനിര്‍ത്താന്‍ എന്‍.ഡി.എയും ഭരണത്തിലേറാന്‍ യു.പി.എയും കിണഞ്ഞ് പരിശ്രമിച്ചപ്പോള്‍ തീപാറുന്ന പോരാട്ടമാണ് രണ്ടാം ഘട്ടത്തില്‍ ഇപ്പോള്‍ നടക്കുന്നത്. വെസ്റ്റ് ചമ്ബാരന്‍, ഈസ്റ്റ് ചമ്ബാരന്‍, ദര്‍ഭംഗ, മധുബാനി, അരാരിയ, പൂര്‍ണ, കിഷന്‍ഗഞ്ച്, കതിഹാര്‍ തുടങ്ങിയ സീമാഞ്ചലിന്റെ പരിധിയില്‍ വരുന്ന ജില്ലകളാകും രണ്ടാം ഘട്ടത്തില്‍ ഇന്ന് പരസ്യ പ്രചരണത്തിനോട് വിടപറയുക. സമസ്തിപൂര്‍, പട്‌ന, വൈശാലി, മുസാഫര്‍പൂര്‍ തുടങ്ങിയ ജില്ലകളിലും ഇന്ന് പ്രചരണം അവസാനിക്കും. ആകെ 1463 സ്ഥാനാര്‍ത്ഥികളാണ് 91 സീറ്റുകളിലേക്ക് ജനവിധി തേടുന്നത്. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വാധീന മേഖലകളായ കിഷന്‍ ഗഞ്ച്, അരാരിയ, കതിഹാര്‍, പൂര്‍ണിയ തുടങ്ങിയ ജില്ലകളിലാണ് എറ്റവും ശക്തമായ പ്രചരണം നടക്കുന്നത്. എല്‍.ജെ.പി 26 ഇടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. സി.പി.ഐ.എമ്മും സി.പി.ഐയും അടക്കമുള്ള ഇടത് പാര്‍ട്ടികളെ സംബന്ധിച്ച്‌ ഈ ഘട്ടം വളരെ പ്രധാനപ്പെട്ടതാണ്. അവര്‍ മത്സരിക്കുന്ന ഏതാണ്ട് എല്ലാ മണ്ഡലങ്ങളും രണ്ടാം ഘട്ടത്തില്‍ ബൂത്തിലെത്തും. ഇന്ന് പ്രചരണം അവസാനിക്കുന്ന 91 മണ്ഡലങ്ങളിലും ഇതിനകം കേന്ദ്രസേനയെ അടക്കം അണിനിരത്തി ശക്തമായ സുരക്ഷയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്.