വി.കെ.ശശികലയെ അണ്ണാ ഡിഎംകെയില്‍ തിരികെ കൊണ്ടുവരുന്നതില്‍ തുറന്ന സമീപനമാണുള്ളതെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം. എന്നാല്‍ ശശികലയെ പാര്‍ട്ടിയില്‍ തിരികെയെടുക്കാനുള്ള സാധ്യത മുഖ്യമന്ത്രി എടപ്പാടി പളനിസാമി തള്ളിക്കളഞ്ഞിരുന്നു.

‘ശശികല നാലു വര്‍ഷം ജയിലില്‍ കഴിഞ്ഞു. അവര്‍ 32 വര്‍ഷം ജയലളിതയെ സേവിച്ചു. ചീഫ് കോഓര്‍ഡിനേറ്ററും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയും നയിക്കുന്ന പാര്‍ട്ടിയുടെ നിലവിലെ ഘടന അംഗീകരിച്ചാല്‍, മാനുഷിക പരിഗണനയില്‍ പാര്‍ട്ടിയിലേക്കുള്ള ശശികലയുടെ തിരിച്ചുവരവ് പരിഗണിക്കാം. രാഷ്ട്രീയത്തിലേക്കു മടങ്ങിവരണമോ എന്നത് അവരുടെ തീരുമാനമാണ്’ പനീര്‍സെല്‍വം പറഞ്ഞു.

ശശികലയെയും അവരുടെ ബന്ധു ടി.ടി.വി.ദിനകരനെയും ബഹുമാനിക്കുന്നുവെന്നും പനീര്‍സെല്‍വം വ്യക്തമാക്കി.