തന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കേസില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കേസിലെ മുഖ്യ പ്രതിയായ സ്ത്രീയുമായി വിദേശയാത്ര നടത്തിയോ എന്ന് അദ്ദേഹം വ്യക്തമാക്കണം. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഇതിനകം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്ര മൈതാനത്ത് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളെക്കുറിച്ച്‌ പറയുമ്ബോള്‍ മുഖ്യമന്ത്രി പിണറായി വിജയന് സഹിക്കുന്നില്ലെന്നും ചോദ്യങ്ങളില്‍നിന്ന് അദ്ദേഹത്തിന് ഓടി രക്ഷപ്പെടാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്ത് ഒരു കുറ്റകൃത്യം നടന്നാല്‍ യുഎന്‍ ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് പിണറായി പറയുന്നത്. ഇവിടെ കുറ്റകൃത്യം നടന്നാല്‍ അന്വേഷിക്കുക രാജ്യത്തെ ഏജന്‍സികള്‍ ആകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയില്‍ എന്താണു ചെയ്തതെന്ന് ഈ നാടിനു മുഴുവന്‍ അറിയാം. പൊലീസ് യൂണിഫോമില്‍ ശബരിമലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കയറ്റിയില്ലേ എന്നും അമിത് ഷാ ചോദിച്ചു. ശബരിമലയില്‍ ഏറ്റവും ഹീനമായ കാര്യമാണ് സര്‍ക്കാര്‍ ചെയ്തത്. ക്ഷേത്ര കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ലെന്നും അവ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.