ചെന്നൈ: ചെന്നൈയിലെ തെരുവുകളിൽ ഭക്ഷണം വിളമ്പുന്നവർക്ക് യൂണിഫോമും ഗ്ലൗസും ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ. സർക്കാരിന്റെ ഹൈജീൻ ഡ്രൈവ് എന്ന പദ്ധതിയുടെ ഭാഗമായാണ് നീക്കം. ഇതുൾപ്പെടെ ശുചീകരണം ഉറപ്പുവരുത്തുന്നതിനുളള നിരവധി നടപടികളാണ് സർക്കാർ നടപ്പാക്കി തുടങ്ങിയത്.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണക്ക് പ്രകാരം 13,000 ത്തോളം തെരുവ് കച്ചവടക്കാരാണ് ചെന്നൈയിൽ മാത്രമായി കച്ചവടം നടത്തുന്നത്. അവർക്ക് യൂണിഫോം നിർബന്ധമാക്കാനാണ് നീക്കം. അതിനു മുൻപ് കച്ചവടക്കാർക്ക് ഗ്ലൗസും, മാസ്‌കും, ഏപ്രണുകളും നിർബന്ധമാക്കുമെന്നും അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഈറ്റ് റൈറ്റ് ചെന്നൈ എന്ന പദ്ധതി ആരംഭിച്ചിരുന്നു. പദ്ധതിയുടെ കീഴിൽ 90 ഓളം തെരുവ് കച്ചവടക്കാർക്കാണ് ട്രെയിനിംഗ് നൽകിയത്.

ഇത് കൂടാതെ രാത്രിയിൽ മാത്രം പ്രവർത്തിക്കുന്ന 1000 ത്തോളം ചായക്കടകളും പ്രദേശത്തുണ്ട്. ഇവർക്കും ട്രെയിനിംഗ് നൽകാനാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. കൊറോണ ലോക്ഡൗണിന് മുൻപ് 15,000 ത്തോളം കടകളാണ് ചെന്നൈയിലെ തെരുവുകളിൽ ഉണ്ടായിരുന്നത്. ഇവയിൽ പലതും ലോക്ഡൗൺ് കാരണം അടച്ചുപൂട്ടുകയായിരുന്നു.