ജമ്മു: രാജ്യത്ത് കോൺഗ്രസ് ദുർബ്ബലപ്പെട്ടുവെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുളള. രാജ്യത്തെ രക്ഷിക്കണമെന്നുണ്ടെങ്കിൽ അതിന് കോൺഗ്രസ് ആദ്യം ഉണരണമെന്നും ഫാറൂഖ് അബ്ദുളള പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് ശക്തമായ നിലപാട് സ്വീകരിക്കണം. പക്ഷെ അത് വീട്ടിലിരുന്ന് നടക്കില്ലെന്നും ഫാറൂഖ് അബ്ദുളള കോൺഗ്രസിനെ ഓർമ്മിപ്പിച്ചു.

സ്വാതന്ത്ര്യസമര സേനാനികളായ ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ് ഗുരു എന്നിവർക്ക് ആദരവ് അർപ്പിക്കാൻ സംഘടിപ്പിച്ച ചടങ്ങിന് ശേഷമായിരുന്നു ഫാറൂഖ് അബ്ദുളളയുടെ പ്രതികരണം. കോൺഗ്രസ് ദുർബ്ബലപ്പെട്ടുവെന്ന അഭിപ്രായം താൻ സത്യസന്ധമായിട്ടാണ് പറയുന്നതെന്നും ഫാറൂഖ് അബ്ദുളള കൂട്ടിച്ചേർത്തു.

ബിജെപിയെയും ഫാറൂഖ് അബ്ദുളള വിമർശിച്ചു. ബിജെപിക്ക് സംസ്ഥാനത്തെ രണ്ടായി വിഭജിക്കാൻ കഴിയുമായിരിക്കും പക്ഷെ ഞങ്ങളെ വേർപെടുത്താനാകില്ലെന്നായിരുന്നു പ്രതികരണം. അവർ ഇനിയും വരും വർഗീയ കാർഡ് ഇറക്കും. രാമന്റെ പേരിൽ വോട്ട് ചോദിക്കും. പക്ഷെ നമ്മൾ ജാഗ്രത പുലർത്തണം ഫാറൂഖ് അബ്ദുളള പറഞ്ഞു.