ചെന്നൈ: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന് സഞ്ചരിച്ചിരുന്ന കാരവന് തടഞ്ഞ് തെരഞ്ഞെടുപ്പ് കമീഷന് ഫ്ലയിങ് സ്ക്വാഡിന്റെ മിന്നല്‍ പരിശോധന. തഞ്ചാവൂര്‍ ജില്ലാ അതിര്‍ത്തിയില്‍ വച്ചായിരുന്നു പരിശോധന നടന്നത്. തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു രാത്രിയായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് കമ്മീഷന് ഫ്ലയിങ് സ്ക്വാഡ് വണ്ടി തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുകയായിരുന്നു.
കമലിനെ കാരവനില്‍ ഇരുത്തിയാണ് അധികൃതര്‍ പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയില്‍ അനധികൃതമായി ഒന്നും കണ്ടെത്താനായില്ല. ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളിലായി കമല്‍ഹാസന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിനെതിരെ കമല്‍ രംഗത്തുവന്നിരുന്നു. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന റെയ്ഡുകള്‍ ബിജെപിയുടെ ഭീഷണി രാഷ്ട്രീയമാണെന്നും റെയ്ഡുകളെ ഭയപ്പെടുന്നില്ലെന്നും തന്റെ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്താന്‍ പോകുന്നില്ലെന്നും കമല്‍ ഹാസന് പറഞ്ഞിരുന്നു.