വോട്ട്​ ചോദിക്കാനെത്തിയ ജനപക്ഷം സ്ഥാനാര്‍ഥിയും പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി ജോര്‍ജിനെ കൂക്കിവിളിച്ച്‌​ നാട്ടുകാര്‍. ​അരിശം കയറിയ പി.സി ജോര്‍ജ്​ തിരിച്ച്‌​ തെറി വിളിച്ചാണ്​ മടങ്ങിയത്​. തീക്കോയി പഞ്ചായത്തില്‍ പ്രചാരണത്തിന്​ എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍.

പ്രതിഷേധിച്ച​വരോട്​ പി.സി ജോര്‍ജ്​ പറഞ്ഞതിങ്ങനെ: ”നിങ്ങളില്‍ സൗകര്യമുള്ളവര്‍ എനിക്ക്​ വോട്ടുചെയ്യുക. ​ഇല്ലെങ്കിലും കുഴപ്പമില്ല. നിന്‍റെയൊക്കെ വീട്ടില്‍ കാരണവന്‍മാര്‍ ഇങ്ങനെയാണോ പഠിപ്പിച്ചത്​. കാരണവന്‍മാര്‍ നന്നായാലേ മക്കള്‍ നന്നാകൂ. അതിനായി അല്ലാഹുവിനോട്​ പ്രാര്‍ഥിക്കാം. ഞാന്‍ തെരഞ്ഞെടുപ്പ്​ കമീഷനില്‍ പരാതി കൊടുത്താല്‍ നിങ്ങളൊക്കെ അകത്തുപോകും. ഞാന്‍ ഇൗരാറ്റുപേട്ടയില്‍ തന്നെ കാണും”. കൂടെ ഏതാനും സഭ്യമല്ലാത്ത പ്രയോഗങ്ങളും നടത്തിയാണ്​ പി.സി ജോര്‍ജ്​ മടങ്ങിയത്​.

കഴിഞ്ഞ തവണ തനിച്ച്‌​ മത്സരിച്ച്‌​ വിജയിച്ച പി.സി ജോര്‍ജ്​ എല്‍.ഡി.എഫ്​, യു.ഡി.എഫ്​ മുന്നണികള്‍ സ്വീകരിക്കാത്തതിനാല്‍ ബി.ജെ.പിക്കൊപ്പം ചേക്കേറിയിരുന്നു. മുസ്​ലിം, ദലിത്​ വിഭാഗങ്ങള്‍ക്കെതി​​രായ പി.സി ജോര്‍ജ്ജിന്‍റെ പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു.