ഡല്‍ഹിക്കുമേല്‍ കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്‍ ലോക്‌സഭയില്‍ പാസ്സായി. ഡല്‍ഹി സര്‍ക്കാരിനെ നിയന്ത്രിക്കുന്ന കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്ലാണ് ഇന്ന് ലോക്‌സഭ പാസാക്കിയത്. ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) ബില്‍ ഇനി രാജ്യസഭയിലും പാസാകേണ്ടതുണ്ട്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടിയാകുന്നതാണ് നീക്കം. ‘ദ ഗവണ്‍മെന്റ് ഓഫ് നാഷണല്‍ കാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി അമന്‍ഡ്‌മെന്റ് ബില്‍’ 2021 അനുസരിച്ച്‌ മുഖ്യമന്ത്രിയെ നിയന്ത്രിക്കാന്‍ അടക്കമുള്ള അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ബില്‍ നല്‍ക്കുന്നു.

ഡല്‍ഹി സര്‍ക്കാര്‍ കടുത്ത എതിര്‍പ്പ് ഉന്നയിച്ച ബില്ലാണ് ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികള്‍ തള്ളിയാണ് ബില്‍ ലോക്‌സഭ അംഗീകരിച്ചത്. ലോക്‌സഭ പാസാക്കിയ ബില്‍ അടുത്ത ദിവസം രാജ്യസഭയില്‍ അവതരിപ്പിക്കും.

തേസമയം ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് ഈ നിയമം നടപ്പാക്കിയതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭിപ്രായപ്പെട്ടു.

‘ലോക്സഭയില്‍ ഇന്ന് ജിഎന്‍സിടിഡി ഭേദഗതി ബില്‍ പാസാക്കുന്നത് ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്നതാണ്. ജനങ്ങള്‍ വോട്ട് ചെയ്തവരില്‍ നിന്ന് ഫലത്തില്‍ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയും പരാജയപ്പെട്ടവര്‍ക്ക് ഡല്‍ഹി ഭരിക്കാനുള്ള അധികാരം നല്‍കുകയും ചെയ്യുന്നതാണ് ബില്ല്. ബിജെപി ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്,’ കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

1991 ലെ ഡല്‍ഹി ദേശീയ തലസ്ഥാന നിയമത്തിലേക്കുള്ള നിര്‍ദ്ദിഷ്ട ഭേദഗതികള്‍ പാസാക്കിയാല്‍ ഡല്‍ഹിയിലെ തിരഞ്ഞെടുപ്പും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും അര്‍ത്ഥശൂന്യമാകുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു.