ധാക്ക: ബംഗ്ലാദേശില്‍ സന്ദര്‍ശനത്തിന് എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷ ഉറപ്പു വരുത്തുമെന്ന് ബംഗ്ലാദേശ്.

മോദിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയത് ചില ഇടത്, ഇസ്ലാമിക സംഘങ്ങള്‍ മാത്രമാണെന്നും ഇതേക്കുറിച്ച്‌ ആശങ്കപ്പെടേണ്ടതില്ലെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഈ മാസം 26 നും 27 നു മാണ് നരേന്ദ്രമാേദി ബംഗ്ലാദേശില്‍ എത്തുക. ബംഗ്ലാദേശിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുക്കാന്‍ ബംഗ്ലാദേശിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദര്‍ശനം.

മോദിയെ ഏറെ അഭിമാനത്തോടെയാണ് ബംഗ്ലാദേശിലേക്ക് ക്ഷണിച്ചതെന്നും രാജ്യത്തെ ജനങ്ങള്‍ സര്‍ക്കാരിനാെപ്പം ഉണ്ടെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ അബ്ദുള്‍ മാമന്‍ പറഞ്ഞു.
ബംഗ്ലാദേശ് ഒരു ജനാധിപത്യ രാജ്യമാണ്. ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ട്.

ഈ സ്വാതന്ത്ര്യം മുതലെടുക്കാനുള്ള ചിലരുടെ ശ്രമമാണിത്. സര്‍ക്കാര്‍ അതില്‍ ആശങ്കപ്പെടുന്നില്ലെന്നും അബ്ദുള്‍ മാമന്‍ കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിലാണ് മോദിക്കെതിരെ പ്രതിഷേധം നടത്താന്‍ ചിലര്‍ ആഹ്വാനം നടത്തിയത്.