ബെംഗളൂരു:തിരക്കേറിയ ബെംഗളൂരു നഗരത്തില്‍ അരുണ്‍ കുമാറിനെയും അദ്ദേഹത്തിന്റെ സെക്കന്‍ഡ് ഹാന്‍ഡ് സ്‌കൂട്ടറിനെയും ആരും അത്ര ശ്രദ്ധിച്ചിരിക്കാന്‍ വഴിയില്ല. പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. വെള്ളിയാഴ്ച ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന മടിവാല പൊലീസ് അരുണ്‍ കുമാറിനെ തടഞ്ഞതോടെ ഇയാള്‍ വാര്‍ത്തകളില്‍ നിറഞ്ഞു. അരുണിന് മുന്നിലേക്ക് പൊലീസ് വെച്ച്‌ നീട്ടിയത് രണ്ട് മീറ്ററോളം നീളമുള്ള ചെല്ലാനാണ്. രണ്ട് വര്‍ഷത്തെ കുടിശിക.

ഹെല്‍മെറ്റ് ധരിക്കാതെയും നമ്ബര്‍ പ്ലേറ്റ് ഉറപ്പിക്കാതെയും സ്കൂട്ടറുമായി പായുന്നത് കണ്ടാണ് അരുണിനെ പൊലീസ് തടഞ്ഞത്. പക്ഷെ പഴയ കണക്ക് ചികഞ്ഞെടുത്തപ്പോള്‍ ഒന്നിനുപുറകെ ഒന്നായി തെളിഞ്ഞത് 77 ഓളം ഗതാഗത നിയമലംഘനങ്ങള്‍. ട്രാഫിക്‌ സിഗ്നല്‍ തെറ്റിക്കലും ട്രിപ്പിളടിക്കലുമായിരുന്നു അധികവും. ഒടുക്കം രണ്ട് വര്‍ഷത്തെ പിഴ കൂട്ടിനോക്കിയപ്പോള്‍ മൊത്തം 42,500 രൂപ.

വിറ്റാല്‍ 30,000 രൂപ പോലും കിട്ടാത്ത സ്കൂട്ടറിന് ഇത്രയും വലിയ തുക പിഴയടയ്ക്കുന്നതില്‍ എന്തര്‍ത്ഥം എന്നായി അരുണ്‍. സബ് ഇന്‍സ്‌പെക്ടര്‍ ശിവരാജ് കുമാര്‍ അംഗാദിയും സംഘവും വാഹനം പിടിച്ചെടുത്തു. അരുണിനെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും പിഴയടക്കാനുള്ള നോട്ടിസയക്കുമെന്നും പൊലീസ് പറഞ്ഞു. പിഴയൊടുക്കിയില്ലെങ്കില്‍ സ്‌കൂട്ടര്‍ ലേലത്തില്‍ വില്‍ക്കും.