കഴക്കൂട്ടം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറായ ശോഭാ സുരേന്ദ്രന് നന്ദി പറഞ്ഞ് കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിനിറങ്ങി വി മുരളീധരന്. താനും ശോഭയും തമ്മില്‍ മല്ലയുദ്ധം ഉണ്ടായിട്ടില്ലെന്നാണ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിവാദങ്ങള്‍ക്കുള്ള വി മുരളീധരന്റെ മറുപടി. ശബരിമല വിഷയം മുഖ്യ പ്രചാരണ വിഷയമാക്കുന്ന ശോഭാ സുരേന്ദ്രന് പ്രസംഗത്തില്‍ കടകംപള്ളി സുരേന്ദ്രനെ പൂതനയോടുപമിച്ച് കടന്നാക്രമിച്ചു.
എ പ്ലസ് ആയി ഉയര്‍ന്ന പ്രതീക്ഷകള്‍ക്ക് ഉലച്ചിലുണ്ടായ വിവാദങ്ങളാണ് കഴക്കൂട്ടത്തെച്ചൊല്ലി ബിജെപിയിലുണ്ടായത്. സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പിലും ഗ്രൂപ്പ് വടംവലികളിലും നീണ്ടു പോയി ഒടുവില്‍, വിവാദങ്ങളുടെ കേന്ദ്ര സ്ഥാനത്തുണ്ടായിരുന്ന നേതാക്കള്‍ തന്നെ ശോഭാ സുരേന്ദ്രന് വേണ്ടി പ്രചാരണ രംഗത്ത്. കഴക്കൂട്ടത്തെ വിവാദങ്ങള്‍ക്ക് പഴി മാധ്യമങ്ങള്‍ക്ക്. തീരുമാനം വൈകിയതിന്റെ ഉത്തരവാദിത്തം ശോഭയ്ക്കും. ശോഭാ സുരേന്ദ്രന് മത്സരിക്കുന്നത് തടഞ്ഞിരുന്നെങ്കില്‍ താന്‍ പ്രചാരണത്തിന് എത്തുമായിരുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് തനിക്കെതിരെ ഉയര്‍ന്ന വിവാദങ്ങളെ മുരളീധരന് പ്രതിരോധിക്കുന്നത്.
മണ്ഡലത്തില്‍ ബിജെപിയുണ്ടാക്കിയ വളര്‍ച്ച തന്നെയാണ് നിര്‍ണായക മത്സര ഘട്ടത്തില്‍ തര്‍ക്കം തുടര്‍ന്ന നേതാക്കള്‍ക്കുള്ള മുന്നറിയിപ്പും വെല്ലുവിളിയുമായത്. ആറായിരം വോട്ടുകളില്‍ നിന്നും 2016ല്‍ വോട്ടുകള്‍ നാല്പത്തിരണ്ടായിരത്തിലേക്കു വളര്‍ന്നു. വി മുരളീധരന്റെ പോരാട്ട വീര്യം രണ്ടാം സ്ഥാനത്തുമെത്തിച്ചു. ശബരിമല മുന്നണിപ്പോരാളി ഇമേജില്‍ ശോഭയെത്തുക കൂടി ചെയ്യുമ്ബോഴുണ്ടാകുന്ന ചലനവും പ്രതീക്ഷകള്‍ കൂട്ടി. പ്രതീക്ഷിച്ച വിജയമുണ്ടായില്ലെങ്കില്‍ മാത്രമല്ല, നിലവിലെത്തി നില്ക്കുന്ന വളര്‍ച്ചയില്‍ നിന്ന് താഴേക്കു പോയാലും ബിജെപിയില്‍ ചര്ച്ചകളുയരുമെന്ന് ചുരുക്കം. ഒപ്പം കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശവും. ഈ സാഹചര്യത്തിലാണ് ഉടക്കി നിന്നവരുടെ സാന്നിധ്യം ശ്രദ്ധേയമാവുന്നത്.