തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പൂതന എന്ന് വിളിച്ച്‌ അധിക്ഷേപിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. ശബരിമല വിഷയത്തിലെ പൂതന അവതാരമാണ് കടകംപള്ളി സുരേന്ദ്രനെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.

‘ ശ്രീമാന്‍ കടകംപള്ളി സുരേന്ദ്രന്‍ ശബരിമല വിഷയത്തില്‍ പൂതനയായിട്ടാണ് അവതരിച്ചത് എന്ന് കഴക്കൂട്ടത്ത് അറിയാത്ത ഒരൊറ്റ വിശ്വാസി പോലുമില്ല,’ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടി തര്‍ക്കങ്ങള്‍ക്ക് ശേഷം കേന്ദ്രമന്ത്രി വി മുരളീധരനും ശോഭയും ആദ്യമായി ഒരുമിച്ചെത്തിയ മണ്ഡലം കണ്‍വെന്‍ഷനിലാണ് പരാമര്‍ശം. ഒരേ വേദിയിലെത്തിയ ശോഭയെ വി മുരളീധരന്‍ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു.
ശോഭയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ വി മുരളീധരന്‍ അത്തരം പ്രചരണങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്നും ആരോപിച്ചു. അതേസമയം ശോഭാ സുരേന്ദ്രന്‍ ഇക്കാര്യങ്ങളെക്കുറിച്ച്‌ പ്രസംഗത്തില്‍ പരാമര്‍ശിച്ചതേയില്ല.