ഉത്തര്‍പ്രദേശ് : അശാസ്ത്രീയമായ രീതിയില്‍ സിസേറിയന്‍ നടത്തി യുപിയില്‍ അമ്മയും കുഞ്ഞും മരിച്ചു. യുപി സുല്‍ത്താന്‍പുരിലെ സൈനി സ്വദേശി പൂനം എന്ന 33 കാരിയും അവരുടെ നവജാതശിശുവുമാണ് മരിച്ചത്. സംഭവത്തില്‍ മാ ശാരദ എന്ന പേരുള്ള ആശുപത്രി ഉടമ രാജേഷ് സാഹ്നി ഇവിടെ ശസ്ത്രക്രിയകള്‍ നടത്തി വന്നിരുന്ന രാജേന്ദ്ര ശുക്ല എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രസവ വേദനയെത്തുടര്‍ന്ന് പൂനത്തിനെ ഭര്‍ത്താവ് രാജാറാം ആദ്യം ഗ്രാമത്തിലെ ഒരു വയറ്റാട്ടിയുടെ അരികിലാണെത്തിച്ചതെങ്കിലും പിന്നീട് ഇവരുടെ നിര്‍ദേശ പ്രകാരം അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പരിശോധനയില്‍ യുവതിയുടെ നില അല്‍പം മോശമാണെന്ന് കണ്ടതോടെ മാ ശാരദ ആശുപത്രിയിലെത്തിച്ചു. ഇവിടെയെത്തിയ പൂനത്തിനെ രാജേന്ദ്ര ശുക്ല ഷേവിംഗ് ബ്ലേയ്ഡ് ഉപയോഗിച്ച്‌ സിസേറിയന്‍ നടത്തുകയായിരുന്നു. ജനിച്ച മിനിറ്റുകള്‍ക്കകം കുഞ്ഞു മരിച്ചു. പി്ന്നാലെ അമിത രക്തസ്രാവം ഉണ്ടയതിനെത്തുടര്‍ന്ന യുവതിയെ കെജിഎംയു ട്രോമ സെന്ററിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് പൂനത്തിന്റെ ഭര്‍ത്താവ് രാജാറാം പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആശുപത്രി ഉടമ രാജേഷ് സാഹ്നി, രാജേന്ദ്ര ശുക്ല എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എട്ടാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച രാജേന്ദ്ര ശുക്ലയാണ് ഇവിടെ ശസ്ത്രക്രിയകള്‍ കൈകാര്യം ചെയ്തിരുന്നത് .മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. വളരെ പരിമിതവും അത്യന്തം മോശവുമായ സാഹചര്യത്തിലാണ് ഈ ആശുപത്രി പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.