കോട്ടയം: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനവുമായി എന്‍എസ്‌എസ്. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാട് ഇല്ലെന്ന് എന്‍എസ്‌എസ് അറിയിച്ചു. ഇതാണ് വിശ്വാസികള്‍ക്ക് സര്‍ക്കാരിനോട് അവിശ്വാസം തോന്നാന്‍ കാരണമെന്ന് എന്‍എസ്‌എസ് പറഞ്ഞു.

വിശ്വാസ സംരക്ഷണം എന്ന നിലപാടില്‍ നിന്ന് എന്‍എസ്‌എസ് പിന്നോട്ടില്ല. മുഖ്യമന്ത്രി കാനം രാജേന്ദ്രനെ പിന്തുണച്ചതിലൂടെ എന്‍എസ്‌എസിനെ വിമര്‍ശിക്കുകയാണ് ചെയ്തത്. തിരുവനന്തപുരത്ത് നാമജപം നടത്തിയത് എന്‍എസ്‌എസ് പ്രവര്‍ത്തകരാണ്. തിരുവനന്തപുരത്തെ നാമജപ ഘോഷയാത്രയില്‍ രാഷ്ട്രീയമില്ലെന്നും എന്‍എസ്‌എസ് വ്യക്തമാക്കി.
വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് എന്‍എസ്‌എസും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നത ഓരോ ദിവസവും രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ശബരിമലയില്‍ സീതാറാം യെച്ചൂരിയുടെ നിലപാടിന് വിരുദ്ധമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടെന്ന് ചൂണ്ടിക്കാട്ടി എന്‍എസ്‌എസ് നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിലേയ്ക്ക് എന്‍എസ്‌എസ് നാമജപ ഘോഷയാത്ര നടത്തിയത്.