വോട്ടര്‍ പട്ടികയിലുള്ള ഇരട്ട വോട്ടുകള്‍ നീക്കം ചെയ്യുമെന്ന് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്‍. രണ്ട് ലക്ഷത്തിലേറെ പരാതികള്‍ ലഭിച്ചു. ഇത് അതത് പ്രദേശങ്ങളിലെ കളക്ടര്‍മാര്‍ക്കും ബി.എല്‍.ഒമാര്‍ക്കും അയച്ചുകൊടുക്കും. വോട്ടര്‍ പട്ടികയില്‍ അതിനനുസരിച്ച്‌ മാറ്റംവരുത്തും.
അതേസമയം സാങ്കേതിക പ്രശ്‌നം കൊണ്ടല്ല വോട്ട് ഇരട്ടിച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറയുന്നു. സി.പി.എം നടത്തിയ ആസൂത്രിത നീക്കമാണെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊന്നാനിയില്‍ 5589, കുറ്റ്യാടി 5478, നിലമ്ബൂര്‍ 5085, തിരുവനന്തപുരം 4871, വടക്കാഞ്ചേരി 4862ഉം വ്യാജ വോട്ടുകള്‍ കണ്ടെത്തി. 65 മണ്ഡലങ്ങളിലായി 2,16,519 വ്യാജ വോട്ടര്‍മാരാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു.
പരാതിയില്‍ അന്വേഷണം നടക്കട്ടെ എന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അടക്കം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സോഫ്റ്റ് വെയറില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഒന്നിലധികം തവണ ചേര്‍ത്ത പേരുകള്‍ മായുന്നില്ല.
ഫെബ്രുവരി 20ന് ശേഷം പുതുതായി ചേര്‍ത്ത വോട്ടര്‍ പട്ടികയിലാണ് പ്രശ്‌നമുള്ളത്. അതിന് മുമ്ബുണ്ടായിരുന്ന ഒന്നരലക്ഷത്തോളം ഇരട്ട വോട്ടര്‍മാരെ കണ്ടെത്തി നീക്കം ചെയ്തിരുന്നു എന്നും അധികൃതര്‍ പറയുന്നു.