മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് സര്‍ക്കാരിനെയും പ്രശംസിച്ച്‌ വടക്കാഞ്ചേരിയിലെ കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര. വികസനത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തനിക്ക് വിശ്വാസമാണെന്ന് അനില്‍ അക്കര. തൃശ്ശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വികസനം അനുവദിച്ച മണ്ഡലമാണ് വടക്കാഞ്ചേരിയെന്നും വികസപ്രവര്‍ത്തനങ്ങള്‍ക്ക് ഇടതുസര്‍ക്കാര്‍ അകമഴിഞ്ഞ് സഹായിച്ചെന്നും അനില്‍ അക്കര ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
“വികസനത്തിന്റെ കാര്യത്തില്‍ പിണറായിയെ വിശ്വാസമാണ്. വടക്കാഞ്ചേരി മണ്ഡലത്തിന്റെ വികസനത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ കൈയയച്ച്‌ സഹായിച്ചു. മന്ത്രിമാരായ തോമസ് ഐസക്കും ജി സുധാകരനും മണ്ഡലത്തിന്റെ വികസനത്തിന് സഹായിച്ചു. ചോദിച്ച പദ്ധതികള്‍ക്കെല്ലാം പിണറായി സര്‍ക്കാര്‍ അനുമതിയും സഹായവും നല്‍കി.” വികസന വിരോധിയാണെന്ന ആരോപണത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷന്‍ പദ്ധതിയില്‍ താന്‍ ആരുടെയും വീട് മുടക്കിയിട്ടില്ലെന്നും, തനിക്കെതിരെയുള്ള ആരോപണം തെളിയിച്ചാല്‍ സ്വന്തം കിടപ്പാടം വിട്ടുനല്‍കാന്‍ തയ്യാറാണെന്നും അനില്‍ അക്കര പറഞ്ഞു. “ലൈഫ് മിഷന്‍ ക്രമക്കേട് ചൂണ്ടി പരാതി നല്‍കിയ താന്‍ ആരുടേയും വീട് മുടക്കാനല്ല ശ്രമിച്ചത്. അഴിമതി നടത്തി എന്ന് പറയുന്നത് ഞാനല്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളാണ്. എന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.”
പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തനിക്ക് വിഎസ് അച്യുതാനന്ദനില്‍ നിന്നും അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് അനില്‍ അക്കര പറയുന്നു. ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴസിറ്റി ക്യാംപസ് മെഡിക്കല്‍ കോളെജായി തൃശ്ശൂര്‍ മാറുകയാണ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളെജില്‍ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തേ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭവനനിര്‍മാണ പദ്ധതിയായ ലൈഫ് മിഷനെതിരേ അനില്‍ അക്കര പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം നടക്കുകയാണ്. ലൈഫ് മിഷന്‍ പദ്ധതി കേസില്‍ പെട്ട ശേഷം ഫ്‌ളാറ്റ് നിര്‍മാണം ഉപേക്ഷിച്ചതായി കരാറുകാരായ യുണിടാക്ക് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അനില്‍ അക്കരെ കിടപ്പാടം മുടക്കിയെന്ന ആരോപണവുമായി എല്‍ഡിഎഫ് രംഗത്തെത്തിയത്.