ഇ.ശ്രീധരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം മനുഷ്യബുദ്ധിക്ക് ചേരാത്തതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ദുഷ്ടജന സമ്പര്‍ക്കം കൂടിയതിനാലാണ് പിണറായി വിജയന്‍ നല്ല ആളുകളെ കാണുമ്പോള്‍ കലിതുള്ളുന്നതെന്നും മഞ്ചേശ്വരത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം സുരേന്ദ്രന്‍ പറഞ്ഞു.

ശ്രീധരന്‍ ബി.ജെ.പിയില്‍ എത്തിയതോടെ എന്തും വിളിച്ചു പറയുന്ന അവസ്ഥയാണെന്നും ഏത് വിദഗ്ധനും ബി.ജെ.പി ആയാല്‍ അവരുടെ സ്വഭാവം കാണിക്കുമെന്നുമായിരുന്നു ശ്രീധരനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം. പട്ടാമ്പിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇ. ശ്രീധരനെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയത്.

തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ, തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍വേ, നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പദ്ധതി തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചില്ല എന്ന ശ്രീധരന്റെ തുറന്നുപറച്ചിലിനോട് പ്രതികരിച്ചാണ് മുഖ്യമന്ത്രി അദ്ദേഹത്തെ വ്യക്തിപരമായി അവഹേളിക്കുന്ന പ്രതികരണം നടത്തിയത്.

അതേസമയം എതിരാളികളുമായി രാഷ്ട്രീയമായി മത്സരിക്കും പക്ഷെ തമ്മില്‍ തല്ല് കൂടില്ല, എതിര്‍ സ്ഥാനാര്‍ത്ഥികളെ ആക്ഷേപിച്ച്‌ സംസാരിക്കില്ല, ചെയ്യാന്‍ പോകുന്ന വികസനകാര്യങ്ങള്‍ മാത്രം പറഞ്ഞേ വോട്ട് തേടു എന്നിങ്ങനെ തന്റേതായ വ്യക്തിത്വത്തില്‍ ഊന്നിക്കൊണ്ടാണ് ഇ. ശ്രീധരന്‍ പാലക്കാട് ഇലക്ഷന്‍ പ്രചാരണത്തിന് ഇറങ്ങുന്നത്. താനൊരു രാഷ്ട്രീയക്കാരനല്ലെന്നും ടെക്‌നോക്രാറ്റാണെന്നും ശ്രീധരന്‍ പ്രതികരിച്ചിരുന്നു