മുംബൈ:നാസിക്കിലെ ലാസല്‍ഗാവില്‍ ഉള്ളിലേലം തുടങ്ങിയതോടെ വില കുറയാനും തുടങ്ങി. ഉള്ളി വില കുതിച്ചുയര്‍ന്നതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 23-ന് കേന്ദ്ര സര്‍ക്കാര്‍ ഉള്ളിയെ അവശ്യവസ്തുവില്‍ പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഉള്ളി ഗോഡൗണില്‍ സൂക്ഷിക്കുന്നതിന് പരിധിയും ഏര്‍പ്പെടുത്തി. ഉള്ളി കയറ്റുമതി നിരോധിക്കുകയുമുണ്ടായി. ലേലത്തില്‍ പങ്കെടുക്കാതിരുന്നതോടെ കര്‍ഷകര്‍ക്ക് ഉള്ളി വില്ക്കാന് കഴിയാതെയായി. ചില്ലറ വിപണിയില്‍ ഉള്ളി വരാതായതോടെ വില കുതിച്ചുയരുകയും ചെയ്തു. ഒരേസമയം ഉള്ളി കര്‍ഷകരും ഉപഭോക്താക്കളും പ്രതിസന്ധിയിലായ അവസ്ഥ. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച ഉള്ളി കര്‍ഷകരുടെ സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ട് തങ്ങളുടെ അവസ്ഥ വിശദീകരിച്ചു.ലേലം നടക്കാതിരുന്നാല്‍ വലിയ നഷ്ടമായിരിക്കും കര്‍ഷകര്‍ക്കുണ്ടാവുക എന്നും അദ്ദേഹത്തെ ധരിപ്പിച്ചു. മുഖ്യമന്ത്രി ഉടന്‍ വിവിധ കക്ഷികളുമായി ചര്‍ച്ച നടത്തി. ഇതേത്തുടര്‍ന്നാണ് പ്രതിസന്ധി ഒഴിഞ്ഞതും ലേലത്തില്‍ പങ്കെടുക്കാന്‍ കച്ചവടക്കാര്‍ തയ്യാറായതും.
വെള്ളിയാഴ്ച ലാസല്‍ഗാവ് ചന്തയില്‍ 142 ട്രക്കുകളിലായി 1500 ക്വിന്റല്‍ ഉള്ളിയാണ് വില്‍പ്പനയ്ക്കായി എത്തിയത്.
ക്വിന്റലിന് ശരാശരി 5,100 രൂപയായിരുന്നു വില. ഏറ്റവും കൂടിയ വില 5,912 രൂപയായിരുന്നു. കഴിഞ്ഞ ആഴ്ച ലേലം നടക്കുമ്ബോള്‍ ഉണ്ടായിരുന്ന വിലയെക്കാള്‍ 1500 രൂപ കുറഞ്ഞതായി കച്ചവടക്കാര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ഉള്ളി വില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.നിലവില്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഉള്ളി കിലോയ്ക്ക് 100 രൂപയിലധികമാണ്.