വടകര : ഇരുനില കെട്ടിടത്തില്‍നിന്ന് തലകറങ്ങി താഴേക്ക് വീഴുന്നതിനിടെ യുവാവ് രക്ഷകനായി. കേരള ബാങ്ക് കെട്ടിടത്തില്‍നിന്ന് വീഴുന്നതിനിടെയാണ് വടകര കീഴല്‍ സ്വദേശി ടി എം ബാബുവിന്റെ മനഃസാന്നിധ്യം ഒരാളുടെ ജീവന്‍ രക്ഷിച്ചത്. അരൂര്‍ സ്വദേശിയായ യുവാവ് ബാബുവുമായി സംസാരിക്കുന്നതിനിടയിലാണ് തലകറങ്ങി താഴേക്ക് മറിഞ്ഞത്. ബാബു പെട്ടെന്ന് ഇയാളുടെ കാലില്‍ പിടിക്കുകയായിരുന്നു. തുടര്‍ന്ന് ബാങ്കിലെത്തിയവരുടെയും ജീവനക്കാരുടെയും സഹായത്തോടെ രക്ഷപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യം നവമാധ്യമങ്ങളില്‍ വൈറലായി. ബാബുവും അപകടത്തില്‍പ്പെട്ടയാളും ക്ഷേമനിധി തുക അടയ്ക്കാനാണ് ബാങ്കിലെത്തിയത്. എല്‍ഡിഎഫ് മേമുണ്ട മേഖലാ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ബാബുവിനെ അനുമോദിച്ചു. കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ബാങ്ക് പ്രവര്‍ത്തിച്ചിരുന്നത്. ബാങ്കിന് പുറത്തുള്ള വരാന്തയില്‍ നില്‍ക്കുകയായിരുന്നു വിനുവും ബാബുവും. ഏറെ നേരത്തേ നില്‍പ്പിനിടയില്‍ തലകറങ്ങിയ വിനു അരഭിത്തി കടന്ന് താഴേക്ക് പതിക്കുന്നതിനിടയിലാണ് ബാബു കണ്ടത്. മറിഞ്ഞു വീഴുന്നതിനിടയില്‍ ബാബു വിനുവിന്റെ കാലില്‍ പിടിക്കുകയായിരുന്നു. തുടര്‍ന്ന് ബാങ്കിലെത്തിയവരുടെയും ജീവനക്കാരുടെയും സഹായത്തോടെ രക്ഷപ്പെടുത്തി.

ബാബുവിന്റെ കൃത്യമായ ഇടപെടലാണ് ബോധരഹിതനായ യുവാവിന്റെ ജീവന്‍ രക്ഷപ്പെടാന്‍ കാരണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും വൈറലാണ്. കീഴല്‍ സ്വദേശിയാണ് തയ്യില്‍ മീത്തല്‍ ബാബു.