തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷ്ണന്‍. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിയമപരമായ ബാധ്യതയുണ്ട്. ഇക്കാര്യമാണ് സീതാറാം യെച്ചൂരി പറഞ്ഞത്. യു.ഡി.എഫിന് മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് ശബരിമല വിഷയം പറയുന്നത്. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ് നീക്കം നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കറിന്‍റെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ആര്‍.എസ്.എസിലും ബി.ജെ.പിയിലും സംഘര്‍ഷങ്ങളുണ്ട്. അതിന്‍റെ ഭാഗമായാണ് സി.പി.എമ്മിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. യു.ഡി.എഫിനെ സഹായിക്കുകയാണ് ബാലശങ്കറിന്‍റെ ലക്ഷ്യം. സി.പി.എമ്മിന് ആര്‍.എസ്.എസുമായി ഒരു സഹകരണവുമില്ലെന്നും കോടിയേരി വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് പി.സി തോമസ്-പി.ജെ ജോസഫ് വിഭാഗങ്ങള്‍ ലയിച്ചത് ആര്‍.എസ്.എസ് പദ്ധതിയാണ്. പി.ജെ. ജോസഫിനെ കൂടി താമസിയാതെ എന്‍.ഡി.എയില്‍ എത്തിക്കും. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തലാണ് ആര്‍.എസ്.എസിന്‍റെ ലക്ഷ്യം. സുരേന്ദ്രന്‍ പറഞ്ഞ 35 സീറ്റുകള്‍ ഇതൊക്കെയാണെന്നും കോടിയേരി പറഞ്ഞു.

യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനാണ് ജോസ് വിഭാഗത്തെ എല്‍.ഡി.എഫില്‍ എത്തിച്ചത്. ജോസ് കെ. മാണി വിഭാഗത്തിന് അനര്‍ഹമായി സീറ്റ് നല്‍കിയിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.