ആലപ്പുഴ: തിരഞ്ഞെടുപ്പ് ചൂട് ഉയരുന്നതിനൊപ്പം അന്തരീക്ഷ താപനിലയും കൂടുന്ന സാഹചര്യത്തില്‍ മല്‍സര രംഗത്തുള്ള സ്ഥാനാര്‍ഥികളും പ്രചാരണത്തിനിറങ്ങുന്ന രാഷ്ട്രീയ പ്രവര്‍ത്തകരും പകല്‍ ഏറെ മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ആലപ്പുഴ ജില്ലയില്‍ സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രാവിലെ 11 നും ഉച്ചതിരിഞ്ഞ് 3 മണിയ്ക്കുമിടയിലുള്ള തുറന്ന സ്ഥലങ്ങളിലെ സമ്മേളനം, തുറന്ന വാഹനങ്ങളിലെ പ്രചാരണം എന്നിവ കഴിവതും ഒഴിവാക്കുന്നതാണ് നല്ലതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കഴിയുന്നതും ദേഹം മൂടുന്ന തരത്തിലുള്ള ഇളം നിറമുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. ദാഹം തോന്നിയില്ലെങ്കിലും രണ്ട്-നാല് ഗ്ലാസ് വെള്ളം കുടിക്കുക. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങവെള്ളം എന്നിവ കുടിക്കുക. ചായ, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, കാപ്പി എന്നിവ കുടിക്കരുത്. ക്ഷീണം തോന്നിയാല്‍ തണലില്‍ വിശ്രമിക്കുക. പ്രചാരണ സംഘങ്ങളില്‍ ഉള്ളവര്‍ എല്ലാവരും ശരിയായി മാസ്‌ക് ധരിച്ചിരിക്കണം.

കൈകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കുകയും വേണം. മറ്റുള്ളവരുമായി രണ്ട് മീറ്റര്‍ അകലമുറപ്പാക്കുകയും വോട്ട് അഭ്യര്‍ഥിക്കുമ്ബോള്‍ ഹസ്തദാനം, ആലിംഗനം, അനുഗ്രഹം വാങ്ങല്‍ എന്നിവ ഒഴിവാക്കുകയും ചെയ്യുക. കിടപ്പുരോഗികളുടെ സമീപത്ത് പോകരുത്. കുഞ്ഞുങ്ങളെ എടുക്കുകയോ ലാളിക്കുകയോ ചെയ്യുന്നതും ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.